/indian-express-malayalam/media/media_files/uploads/2019/07/rohit-7.jpg)
ലീഡ്‌സ്: ചരിത്രം കുറിച്ച് രോഹിത് ശര്‍മ്മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് ഇനി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം. ശ്രീലങ്കയ്‌ക്കെതിരെ 92 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയതോടെ ഈ ലോകകപ്പില്‍ രോഹിത്തിന്റെ സെഞ്ചുറി നേട്ടം അഞ്ചായി. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ നാല് സെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് പഴങ്കഥയായി.
കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു രോഹിത്. സച്ചിനും രോഹിത്തും ആറ് ലോകകപ്പ് സെഞ്ചുറികളുണ്ട്. ആറ് ലോകകപ്പുകളില്‍ നിന്നും സച്ചിന്‍ നേടിയ സെഞ്ചുറികള്‍ക്കൊപ്പം രോഹിത് എത്തിയത് രണ്ട് ലോകകപ്പ് മാത്രം കളിച്ചാണ്. ഈ ലോകകപ്പിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടത്തില്‍ ഷാക്കിബ് അല്‍ ഹസനെ മറി കടന്ന് രോഹിത് ഒന്നാമതെത്തി. ഷാക്കിബിന്റെ 606 റണ്‍സ് മറികടന്ന രോഹിത്തിന്റെ ഈ ലോകകപ്പിലെ സമ്പാദ്യം 647 റണ്‍സാണ്.
ഇതോടെ ഒരു ലോകകപ്പില്‍ 600 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തം. ഇതിന് മുമ്പ് സച്ചിനും മാത്യു ഹെയ്ഡനും ഷാക്കിബും മാത്രമാണ് 600 ല്‍ കൂടുതല്‍ നേടിയത്. റണ്‍ വേട്ടയില്‍ മൂന്നാമതും രോഹിത് എത്തി. മുന്നിലുള്ള മാത്യു ഹെയ്ഡന് 659 റണ്‍സും സച്ചിന് 673 റണ്‍സുമാണ് ഉള്‌ളത്. ഈ ലോകകപ്പില്‍ തന്നെ രോഹിത്തിന് ഇത് തകര്‍ക്കാന്‍ അവസരമുണ്ട്.
കഴിഞ്ഞ കളിയില്‍ ബംഗ്ലാദേശിനെതിരേയും അതിന് മുമ്പ് ഇംഗ്ലണ്ടിനെതിരേയും സെഞ്ചുറി നേടിയ രോഹിത്തിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ഒരു ലോകകപ്പില്‍ 600 ന് മുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരവുമായി രോഹിത് മാറി. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും രാഹുലും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 189 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.