ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 12-ാം പതിപ്പിലെ റൺവേട്ടക്കാരൻ ഇന്ത്യൻ താരം രോഹിത് ശർമ്മ തന്നെ. ഒമ്പത് മത്സരങ്ങളിൽ നിന്ന് 648 റൺസാണ് രോഹിത് അടിച്ചെടുത്തത്. അഞ്ച് സെഞ്ചുറികൾ ഉൾപ്പടെയാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. രോഹിത്തിനേക്കാൾ ഒരു റൺസ് മാത്രം കുറവുള്ള ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്ത്. പത്ത് മത്സരങ്ങളിൽ നിന്നാണ് താരം 647 റൺസ് സ്വന്തമാക്കിയത്. മൂന്ന് സെഞ്ചുറികളാണ് ഈ ലോകകപ്പിൽ ഡേവിഡ് വാർണർ സ്വന്തമാക്കിയത്.
ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ കെയ്ൻ വില്യംസണോ ജോ റൂട്ടോ രോഹിത്തിനെ മറികടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ബംഗ്ലാദേശ് സെമിയിലെത്തിയില്ലെങ്കിലും ഓൾറൗണ്ട് മികവിലൂടെ ഏവരുടെയും കൈയ്യടി നേടിയ ഷക്കിബ് അൽ ഹസനാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം. രണ്ട് സെഞ്ചുറികൾ ഉൾപ്പടെ 606 റൺസാണ് ഷക്കിബ് സ്വന്തമാക്കിയത്.
ലോകകപ്പിൽ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഫൈനൽ വരെ എത്തിച്ച നായകൻ കെയ്ൻ വില്യംസണാണ് നാലാം സ്ഥാനത്ത്. ഇതിനിടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വില്യംസണ്‍ സ്വന്തമാക്കി. 2007 ലോകകപ്പില്‍ ജയവര്‍ധന നേടിയ 548 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. 53 പന്തുകള്‍ നേരിട്ട് 30 റണ്‍സ് നേടിയ വില്യംസണ്‍ ആ റെക്കോര്‍ഡ് 578 ആക്കി ഉയര്‍ത്തി. 11 മത്സരങ്ങള്‍ കളിച്ചാണ് ജയവര്‍ധന അന്ന് ഇത്രയും റണ്‍സ് നേടിയതെങ്കില്‍ വില്യംസണിന് ഒമ്പത് ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടി വന്നത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് അഞ്ചാം സ്ഥാനത്താണ്.
ലോകകപ്പിൽ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യ ജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് രോഹിത് ശർമ്മ എന്ന ഓപ്പണർ. അഞ്ച് സെഞ്ചുറികൾ തികച്ച താരം പല റെക്കോർഡുകളും തിരുത്തിയെഴുതി കഴിഞ്ഞു. അതിൽ തന്നെ പലതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പല റെക്കോർഡുകളുമാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഒരു ലോകകപ്പില്‍ 600 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമാണ് രോഹിത്. മുന്നിലുള്ള മാത്യു ഹെയ്ഡന് 659 റണ്‍സും സച്ചിന് 673 റണ്‍സുമാണ് ഉള്‌ളത്.