ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോഴും ഒട്ടും അഗ്രഷന്‍ പുറത്തെടുക്കാതെ ബാറ്റ് ചെയ്ത ഇന്ത്യന്‍ താരങ്ങളായ എംഎസ് ധോണിക്കും കേദാര്‍ ജാദവിനുമെതിരെ പ്രതിഷേധം രൂക്ഷമാണ്. ഇന്ത്യന്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം ധോണിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സിക്‌സിനും ഫോറിനും ശ്രമിക്കേണ്ട സമയത്ത് അഞ്ച് വിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും ധോണിയും കേദാറും സിംഗിളുകള്‍ ഇട്ട് കളിച്ചതാണ് ആരാധകരെ താരങ്ങള്‍ക്ക് എതിരെ തിരിച്ചത്. 31 പന്തുകളില്‍ നിന്നും ധോണി 42 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ രണ്ടു പേരേയും ന്യായീകരിച്ച് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്.
ധോണിയും കേദാറും അവരുടെ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പിച്ച് സ്ലോ ആയിരുന്നുവെന്നുമാണ് രോഹിത് നല്‍കുന്ന വിശദീകരണം. മത്സരശേഷം പത്രസമ്മേളനത്തിലായിരുന്നു ഉപനായകന്റെ പ്രതികരണം.
”അവര്‍ അടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അവസാനമായപ്പോഴേക്കും പിച്ച് സ്ലോയായി. ഇംഗ്ലണ്ടിന് ക്രെഡിറ്റ് കൊടുക്കണം. അവര്‍ തങ്ങളുടെ വേരിയേഷനുകള്‍ മാറ്റി മാറ്റി എറിഞ്ഞതുകൊണ്ട് ഞങ്ങള്‍ ആശയക്കുഴപ്പത്തിലായി പോയി” എന്നായിരുന്നു രോഹിത് പറഞ്ഞത്.
നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ധോണിയേയും കേദാറിനേയും ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ‘ബൗണ്ടറികള്‍ കണ്ടെത്താന്‍ എം.എസ്.ധോണി പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലക്ഷ്യം കണ്ടില്ല. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. അവസാനം വരെ ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. തോല്‍വിയില്‍ നിന്നും കാര്യങ്ങള്‍ പഠിച്ച് അടുത്ത് മത്സരത്തില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും.’ വിരാട് കോഹ്ലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തില്‍ 42 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് കൂടി അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.