ശ്രീലങ്കക്കെതിരായ ലോകകപ്പിലെ തങ്ങളുടെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ ജയത്തിന് ചുക്കാൻ പിടിച്ചത് ഓപ്പണർമാരായ രോഹിത് ശർമ്മയും കെ.എൽ.രാഹുലുമായിരുന്നു. സെഞ്ചുറി നേട്ടവുമായി ഇരുവരും കളം നിറഞ്ഞ മത്സരത്തിൽ ലങ്കയെ മുക്കി ഇന്ത്യ അനായാസം ജയം സ്വന്തമാക്കി.

ലോകകപ്പിൽ നിന്ന് ശിഖർ ധവാൻ പരിക്കേറ്റ് പുറത്തേക്ക് പോകുമ്പോൾ ഇന്ത്യയുടെ പ്രധാന പേടികളിൽ ഒന്ന് ഓപ്പണിങ് തന്നെയായിരുന്നു. രോഹിത്തിനൊപ്പം താളം കണ്ടെത്താൻ രാഹുലിന് സാധിക്കുമോ എന്ന്. എന്നാൽ ഓപ്പണിങ്ങിൽ ശിഖർ ധവാന്റെ വിടവ് നികത്താനും രോഹിത്തിനൊപ്പം ഇന്ത്യൻ സ്കോറിങ്ങിൻ നിർണായകമാകാനും രാഹുലിന് സാധിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് തന്നെ രാഹുൽ അത് തെളിയിക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കക്കെതിരായ മത്സരത്തിലൂടെ ഇന്ത്യയുടെ മാത്രമല്ല രാജ്യാന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് തെളിയിച്ചിരിക്കുകയാണ് രാഹുലും രോഹിതും. ലോകകപ്പിൽ രണ്ടും പേരും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓപ്പണിങ് സഖ്യമായാണ് രാഹുലും രോഹിത്തും മാറിയത്. ഇതിന് മുമ്പ് ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയത് ശ്രീലങ്കക്ക് വേണ്ടിയായിരുന്നു. 2011 ലോകകപ്പിൽ ഉപുൽ തരംഗയും തിലകരത്നെ ദിൽഷനുമാണ് ഓപ്പണിങ്ങിനായി ക്രീസിലെത്തി സെഞ്ചുറി തികച്ച് മടങ്ങിയത്. സിംബാബ്‌വെക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമായി രണ്ട് തവണ ഇരുവരും അതേ ലോകകപ്പിൽ സെഞ്ചുറി നേടി.

ലോകകപ്പിൽ ഓപ്പണിങ്ങിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കൂട്ടുകെട്ടും രാഹുലിന്റെയും രോഹിത്തിന്റെയും പേരിലാണ്. ആദ്യ രണ്ട് സ്കോറും കെട്ടിപടുത്തതും ഇരുവരും കൂടിയായിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ 180 റൺസെടുത്ത് ഇരുവരും ശ്രീലങ്കക്കെതിരെ അടിച്ചെടുത്തത് 189 റൺസ്. കഴിഞ്ഞ ലോകകപ്പിൽ രോഹിത്തും ധവാനും ചേർന്ന് സ്വന്തമാക്കിയ 174 റൺസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

ലോകകപ്പിൽ മൂന്ന് തവണ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത നാലമത്തെ സഖ്യമാണ് ഇന്ത്യയുടെ രാഹുലും രോഹിത്തും.

ശ്രീലങ്കക്കെതിരെ 94 പന്തുകളിൽ നിന്ന് 103 റൺസെടുത്ത രോഹിത് ശർമ്മയാണ് തുടക്കം മുതൽ തകർത്തടിച്ചത്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. സാവധാനം ബാറ്റ് വീശിയ രാഹുൽ 118 പന്തിൽ 111 റൺസുമായി പുറത്തായി. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 6.3 ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook