ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് സഖ്യത്തിൽ ഒന്നാണ് രോഹിത് ശർമ്മ – ശിഖർ ധവാൻ സഖ്യം. ലോകകപ്പിൽ നിന്ന് ശിഖർ ധവാൻ പരിക്കേറ്റ് പുറത്തേക്ക് പോകുമ്പോൾ ഇന്ത്യയുടെ പ്രധാന പേടികളിൽ ഒന്ന് ഓപ്പണിങ് തന്നെയായിരുന്നു. രോഹിത്തിനൊപ്പം താളം കണ്ടെത്താൻ രാഹുലിന് സാധിക്കുമോ എന്ന്. എന്നാൽ ഓപ്പണിങ്ങിൽ ശിഖർ ധവാന്റെ വിടവ് നികത്താനും രോഹിത്തിനൊപ്പം ഇന്ത്യൻ സ്കോറിങ്ങിൻ നിർണായകമാകാനും രാഹുലിന് സാധിച്ചു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ സ്കോറിങ്ങിന്റെ അടിത്തറ പാകിയത് ഇരുവരും ചേർന്നായിരുന്നു. ഒന്നാം വിക്കറ്റിൽ 180 റൺസാണ് രാഹുലും രോഹിത്തും ചേർന്ന് അടിച്ചെടുത്തത്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. രോഹിത്തിന്റെയും ധവാന്റെയും പേരിലുള്ള റെക്കോർഡ് രോഹിത് രാഹുലിനെ കൂട്ടുപിടിച്ച് മറികടന്നത്.

കഴിഞ്ഞ ലോകകപ്പിൽ രോഹിത് ശർമ്മയും ശിഖർ ധവാനും ചേർന്ന് 174 റൺസാണ് സ്വന്തമാക്കിയത്. അയർലണ്ടിനെതിരെയായിരുന്നു അന്ന് ഇന്ത്യൻ ഓപ്പണർമാർ നിറഞ്ഞാടിയത്. സച്ചിൻ ടെണ്ടുൽക്കറും അജയ് ജഡേജയും ചേർന്ന് കെനിയക്കെതിരെ അടിച്ചൂകൂട്ടിയ 163 റൺസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ബംഗ്ലാദേശിനെതിരെ രോഹിത് സെഞ്ചുറിയും രാഹുൽ അർധസെഞ്ചുറിയും തികച്ചിരുന്നു. 90 പന്തിൽ സെഞ്ചുറി തികച്ച രോഹിത് 92 പന്തിൽ 104 റൺസുമായാണ് ക്രീസ് വിട്ടത്. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 92 പന്തിൽ നിന്ന് 77 റൺസാണ് കെ.എൽ രാഹുൽ സ്വന്തമാക്കിയത്. ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ പ്രകടനം.

ഇരുവരുടെയും ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരെ 315 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. 50 ഓവറില്‍ 314-9 എന്ന നിലയിലാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസൂർ റഹ്മാന്റെ പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്താതെ ചെറുത്തു നിർത്തിയത്. ഓപ്പണർമാരായ രാഹുലും രോഹിത്തും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook