മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കം. ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 57 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ്മ ഇപ്പോഴും ക്രീസിലുണ്ട്. ഇരുവരും ഇന്ന് പഴങ്കഥയാക്കിയത് 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്.

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും നവ്‌ജോത് സിങ് സിദ്ദുവും ചേര്‍ന്ന് 1996 ല്‍ കുറിച്ച റെക്കോര്‍ഡാണ് ഇന്ന് രോഹിത്തും രാഹുലും മറന്നത്. പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് ഇരുവരും ഇന്ന് തിരുത്തി എഴുതിയത്. സച്ചിനും സിദ്ദുവും ചേര്‍ന്ന് അന്ന് നേടിയത് 90 റണ്‍സാണ്. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 287 റണ്‍സ് നേടുകയും 37 റണ്‍സിന് ജയിക്കുകയും ചെയ്തു.

മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാന്‍ എറിഞ്ഞ 16-ാം ഓവറിലാണ് രോഹിത്തും രാഹുലും സച്ചിനേയും സിദ്ദുവിനേയും മറി കടന്നത്. ഇതോടെ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ സെഞ്ചുറി കൂട്ടുകെട്ട് നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണിങ് സഖ്യവുമായി മാറി രോഹിത്തും രാഹുലും. അതേസമയം, ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നാലാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്. നേരത്തെ 2003 ല്‍ സച്ചിനും മുഹമ്മദ് കൈഫും 2015 ല്‍ കോഹ്‌ലിയും ശിഖര്‍ ധവാനും, കോഹ്‌ലിയും സുരേഷ് റെയ്‌നയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook