/indian-express-malayalam/media/media_files/uploads/2019/07/pant.jpg)
ലോര്‍ഡ്‌സ്: ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ ഋഷഭ് പന്തിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരുന്നത്. എന്നാല്‍ താരത്തിന് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനായില്ല. തുടക്കത്തില്‍ റണ്‍ ഔട്ട് ചാന്‍സുകളില്‍ നിന്നും താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. പിന്നീട് താളം കണ്ടെത്തിയെങ്കിലും വന്‍ അടികളൊന്നും പന്തില്‍ നിന്നുണ്ടായില്ല. പ്രതീക്ഷിച്ച ഫലം കണ്ടില്ലെങ്കിലും അടുത്ത മത്സരത്തിലും പന്തിനെ നാലാമനായി തന്നെ ഇറക്കാനാണ് ഇന്ത്യയുടെ പദ്ധതി എന്ന സൂചനയാണ് അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംങ്കാര്‍ നല്‍കുന്നത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായാണ് സഞ്ജയ് സൂചന നല്‍കിയത്. ശിഖര്‍ ധവാന്‍ പരുക്ക് മൂലം പുറത്തായതോടെ ടീമില്‍ ടോപ് ഓര്‍ഡറില്‍ ഒരു ഇടങ്കയ്യന്റെ അഭാവമുണ്ടെന്നും അതിനാലാണ് പന്തിനെ നാലാം നമ്പറില്‍ തന്നെ ഇറക്കുന്നതെന്നും അദ്ദേഹം പറയുന്നു.
''അവന് ഡീസന്റ് ഇന്നിങ്‌സാണ് കളിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. 32 റണ്‍സും നേടി, നല്ല ഷോട്ടുകളും കളിച്ചു. ഹാര്‍ദിക് പാണ്ഡ്യയുമൊത്ത് നല്ലൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അതുകൊണ്ട് അവനെ വീണ്ടും നാലാമത് ഇറക്കാനാണ് തീരുമാനം'' സഞ്ജയ് ബങ്കാര്‍ പറഞ്ഞു.
അഞ്ച് അന്താരാഷ്ട്ര ഏകദിനങ്ങള്‍ മാത്രമാണ് പന്ത് ഇതുവരെ കളിച്ചിട്ടുള്ളത്. എന്നാല്‍ ടീമിനൊപ്പം സമയം ചിലവിട്ടതിലൂടെ പന്ത് ആവശ്യമായ തയ്യാറെപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''അവന്‍ രണ്ടാഴ്ചയേളമായി ഞങ്ങള്‍ക്കൊപ്പമുണ്ട്. ടെസ്റ്റില്‍ അന്താരാഷ്ട്ര തലത്തില്‍ നന്നായി കളിച്ചിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റ് കുറച്ച് പുതിയതാണെന്ന് മാത്രം'' സഞ്ജയ് ബങ്കാര്‍ പറഞ്ഞു. അതേസമയം പന്തിന് ആവശ്യമായ പരിശീലനം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിഡില്‍ ഓര്‍ഡറില്‍ വേണ്ട മൈന്റ് സെറ്റിനെ കുറിച്ചും റോളുകളെ കുറിച്ചും പന്തിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേദാര്‍ ജാദവിനെ ടീമില്‍ നിന്നും ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കാനും സാധ്യതകളുണ്ട്. കഴിഞ്ഞ രണ്ട് കളികളിലും കേദാറിന്റേയും ധോണിയുടേയും ബാറ്റിങ് വിമര്‍ശനത്തിന് വിധേയമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.