ലോകകപ്പിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യൻ ടീമിൽ യുവതാരം ഋഷഭ് പന്തും. ശിഖർ ധവാന് പകരക്കാരനായി ഇന്ത്യൻ ടീമിലെത്തിയ പന്ത് വിജയ് ശങ്കറിന്റെ മോശം ഫോമിനെ തുടർന്നാണ് പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പന്താണ്.

ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം വിജയ് ശങ്കറിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലും താരം പരാജയപ്പെട്ടതോടെയാണ് വിജയ് ശങ്കറിനെതിരെ ആരാധകര്‍ തിരിഞ്ഞിത്. ബാറ്റിങ്ങിലും ബോളിങ്ങലും തിളങ്ങാത്ത ഓൾറൗണ്ടറെ എന്തിനാണ് ടീമിൽ നിലനിർത്തുന്നതെന്നായിരുന്നു ഏവരുടെയും ചോദ്യം.
പരുക്കേറ്റ ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമിയെ ടീമിലെടുത്തു. എന്നാല്‍ മോശം പ്രകടനം കാഴ്ചവച്ചിട്ടും വിജയ് ശങ്കറിനെ ടീമില്‍ നിന്നും മാറ്റി പകരം മറ്റാരെയെങ്കിലും ഇറക്കാത്തതിനെയും വിമര്‍ശിക്കുന്നു.

ഇതോടെയാണ് ഇംഗ്ലണ്ടിനെതിരെ മാറി ചിന്തിക്കാൻ മാനേജ്‌മെന്റും തയ്യാറായത്. ഇന്ത്യക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഋഷഭ് പന്തിന്റെ ആകെ റൺ സമ്പാദ്യം 93 റൺസ് മാത്രമാണ്. എന്നാൽ ലോകകപ്പിൽ ഇന്ത്യൻ കുപ്പായത്തിൽ പന്ത് തിളങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ സീനിയർ ടീമിൽ എത്രയും വേഗം സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിക്കും. കൂസലില്ലാതെ ബാറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് പന്തിന്റെ പ്രത്യേകത, പലപ്പോഴും ഇത് തന്നെയാണ് വിമർശകരും ആയുധമാക്കാറുള്ളത്.

സെമി ഉറപ്പിക്കാൻ ഇന്ത്യയും സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടും ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്. ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് മാത്രമല്ല പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്കും ഇന്നത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരഫലം നിർണായകമാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് വാശിയേറിയ പോരാട്ടത്തിന്. എവേ ജഴ്സിയിലാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഓറഞ്ച് നിറത്തിലുള്ള ജഴ്സി കഴിഞ്ഞ ദിവസം ബിസിസിഐ അവതരിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook