ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ഗംഭീര തുടക്കമാണ് ആതിഥേയർക്ക് ലഭിച്ചത്. ഇന്ത്യൻ പ്രതിരോധ നിരയെ തല്ലിതകർത്ത് ജോണി ബെയർസ്റ്റോയും ജേസൺ റോയിയും മുന്നോട്ട് കുതിക്കുകയായിരുന്നു. സെഞ്ചുറി കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബോളർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സാക്ഷാൽ രവീന്ദ്ര ജഡേജ തന്നെ മൈതാനത്ത് അവതരിക്കേണ്ടി വന്നു ലക്ഷ്യം പൂർത്തിയാക്കാൻ.

ബൗണ്ടറി ലൈനിൽ പാറിപറന്നെത്തിയ ജഡേജ മിന്നും ക്യാച്ചിലൂടെ റോയിയെ പുറത്താക്കുകയായിരുന്നു. കെ.എൽ രാഹുലിന് പകരം സബ്സ്റ്റിറ്റ്യൂട്ടായി ഫീൾഡിങ്ങിനെത്തിയ ജഡേജയുടെ ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. കുൽദീപ് യാദവിന്റെ 23-ാം ഓവറിലായിരുന്നു സംഭവം. അർധസെഞ്ചുറി തികച്ച് കൂടുതൽ റൺസിനായി ബൗണ്ടറി ലക്ഷ്യമാക്കി ആദ്യ പന്ത് തന്നെ ജേസൺ റോയ് ലോങ് ഓണിലൂടെ പായിച്ചു. എന്നാൽ ഏതോ കോണിൽ നിന്ന് ഓടിയെത്തിയ ജഡേജ മുന്നോട്ട് കുതിച്ച് പന്ത് കൈപ്പിടിയിലൊതുക്കി.

പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ജേസന്‍ റോയ്‌ ഇന്ത്യക്കെതിരായ മത്സരത്തിലാണ് തിരിച്ചെത്തുന്നത്. മടങ്ങിവരവിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 57 പന്തുകൾ നേരിട്ട റോയ് 66 റണ്‍സ് റോയ്‌ നേടി. ഏഴ് ഫോറുംകളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റോയ്‌യുടെ ഇന്നിങ്സ്. ഓപ്പണിംഗ് വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയ്‌ക്കൊപ്പം 160 റണ്‍സ് കൂട്ടുകെട്ടാണ് റോയ് പടുത്തുയര്‍ത്തിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് ടീം സ്കോർ 200 കടന്നു. 34 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 207 റൺസാണ് ഇംഗ്ലണ്ട് താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ജോണി ബെയർസ്റ്റോ സെഞ്ചുറിയും ജേസൺ റോയ് അർധസെഞ്ചുറിയും തികച്ചു.

സെമി ഉറപ്പിക്കാൻ ഇന്ത്യയും സാധ്യത നിലനിർത്താൻ ഇംഗ്ലണ്ടും ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്. ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് മാത്രമല്ല പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്കും ഇന്നത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരഫലം നിർണായകമാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് വാശിയേറിയ പോരാട്ടത്തിന്. എവേ ജഴ്സിയിലാകും ഇന്ത്യ ഇന്ന് ഇറങ്ങുക. ഓറഞ്ച് നിറത്തിലുള്ള ജഴ്സി കഴിഞ്ഞ ദിവസം ബിസിസിഐ അവതരിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook