ചരിത്രവുമായി സമാനതകൾ ഏറെയുള്ള ലോകകപ്പാണ് ഇത്തവണത്തേത്. അതിന് ഏറ്റവും വലിയ ഉദാഹരണം ഈ ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രകടനം തന്നെ. 1992ലേത് സമാനമാണ് ഇത്തവണത്തെ പാക്കിസ്ഥാന്റെ പ്രകടനവും. സച്ചിന്റേത് സമാനമായ രോഹിത്തിന്റെ അപ്പർ കട്ടുമെല്ലാം ഈ ലോകകപ്പിലും ആവർത്തിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇത്തരത്തിലൊരു യാദൃശ്ചികത ആവർത്തിച്ചു. ഇംഗ്ലണ്ടിന്റെ ജേസൺ റോയിയെ പുറത്താക്കാൻ രവീന്ദ്ര ജഡേജയെടുത്ത ക്യാച്ചിന് 1992 ലോകകപ്പിൽ അജയ് ജഡേജയെടുത്ത ക്യാച്ചുമായാണ് സാമ്യം. ഇരുവരുടെയും ആഘോഷ പ്രകടനങ്ങൾക്കും സാമ്യമുണ്ട്.

ബൗണ്ടറി ലൈനിൽ പാറിപറന്നെത്തിയ ജഡേജ മിന്നും ക്യാച്ചിലൂടെ റോയിയെ പുറത്താക്കുകയായിരുന്നു. കെ.എൽ.രാഹുലിന് പകരം സബ്സ്റ്റിറ്റ്യൂട്ടായി ഫീൾഡിങ്ങിനെത്തിയ ജഡേജയുടെ ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. കുൽദീപ് യാദവിന്റെ 23-ാം ഓവറിലായിരുന്നു സംഭവം. അർധസെഞ്ചുറി തികച്ച് കൂടുതൽ റൺസിനായി ബൗണ്ടറി ലക്ഷ്യമാക്കി ആദ്യ പന്ത് തന്നെ ജേസൺ റോയ് ലോങ് ഓണിലൂടെ പായിച്ചു. എന്നാൽ ഏതോ കോണിൽ നിന്ന് ഓടിയെത്തിയ ജഡേജ മുന്നോട്ട് കുതിച്ച് പന്ത് കൈപ്പിടിയിലൊതുക്കി.

ഓസ്ട്രേലിയയ്ക്കെതിരെ 1992 ലോകകപ്പിലാണ് അജയ് ജഡേജയുടെ വണ്ടർ ക്യാച്ച്. ലോങ് ഓണിൽ പറന്നെത്തി അജയ് ജഡേജ പുറത്താക്കിയത് അലൻ ബോർഡറെയാണ്. മുന്നിലേക്ക് അലൻ ബോർഡർ അടിച്ചുവിട്ട ഷോട്ട് ജഡേജ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഇന്നലത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇതോടെ പാഴായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook