മാഞ്ചസ്റ്റര്‍: എംഎസ് ധോണിയെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അയച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ ടീം പരിശീലകന് രവി ശാസ്ത്രി. ഇന്ത്യ 18 ന് പരാജയപ്പെട്ട ലോകകപ്പ് സെമി ഫൈനലിലായിരുന്നു ധോണിയെ ഏഴാമതായി ഇറക്കിയത്. തീരുമാനത്തിനെതിരെ ഗാംഗുലി, സച്ചിന്, ലക്ഷ്മണ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു.
അഞ്ചാമതിറങ്ങാനിരുന്നിരുന്ന ധോണി കിവികള്‍ക്കെതിരെ ഇറങ്ങാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രി. ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും പിന്നിലായിരുന്നു ധോണി ഇറങ്ങിയത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
”അതൊരു ടീം തീരുമാനമായിരുന്നു. എല്ലാവരും ഒരുമിച്ചെടുത്തത്. അതൊരു സിമ്പിള്‍ തീരുമാനവുമായിരുന്നു. ധോണി നേരത്തെ ഇറങ്ങി പുറത്താകുന്നത് ആരും ആഗ്രഹിച്ചിരുന്നില്ല. അത് ചെയ്സിങ്ങിനെ തന്നെ കൊല്ലുമായിരുന്നു” എന്നായിരുന്നു ശാസ്ത്രിയുടെ വിശദീകരണം.
”അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. എക്കാലത്തേയും മികച്ച ഫിനിഷറാണ് അദ്ദേഹം. അദ്ദേഹത്തെ ആ തരത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ കുറ്റമാകും. ടീം മൊത്തം അത് വിശ്വസിച്ചിരുന്നു” ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെമിയില്‍ തോറ്റ് പുറത്തായെങ്കിലും ഇന്ത്യ ടൂര്‍ണമെന്റിലുടനീളം നന്നായി കളിച്ചെന്ന വസ്തുത ഇല്ലാതാക്കുന്നില്ലെന്നും ശാസ്ത്രി പറയുന്നു.
”തലയുയര്‍ത്തി പടിയിറങ്ങണം. ആ മുപ്പത് മിനുറ്റുകള്‍ നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്ന വസ്തുതയില്ലാതാക്കുന്നില്ല. ഒരു ടൂര്‍ണമെന്റ്, ഒരു പരമ്പര, ആ മുപ്പത് മിനുറ്റിന് ഒന്നും തീരുമാനിക്കാനാകില്ല. നിങ്ങള്‍ ബഹുമാനം നേടിയിരിക്കുന്നു. വിഷമമുണ്ടാകും പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നേട്ടങ്ങളില്‍ അഭിമാനിക്കുക” എന്നായിരുന്നു ശാസ്ത്രി ടീമിനോടായി പറഞ്ഞത്.