ലീഡ്‌സ്: അഫ്ഗാനിസ്ഥാന്‍-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെ രസകരമായ നിമിഷം. അഫ്ഗാന്‍ ബോളര്‍ റാഷിദ് ഖാന്റെ വിചിത്രമായ നോട്ടമാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. പന്ത് ബാറ്റ്‌സ്മാന്‍ ലോങ് ഓണിലേക്ക് അടിച്ചകറ്റിയപ്പോഴായിരുന്നു സംഭവം.

പന്ത് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാനായി റാഷിദ് നിന്നിടത്തു നിന്നും ഹൊറര്‍ സിനിമകളെ ഓര്‍മ്മിപ്പിക്കും വിധം തല പിന്നോട്ട് തിരിച്ച് നോക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ട്രോളുകളായി മാറിയിരിക്കുകയാണ്.

അതേസമയം, ആശ്വാസ ജയം പോലുമില്ലാത അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നും മടങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 312 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ അഫ്ഗാന്റെ ഇന്നിങ്‌സ് 288 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന പന്തിലാണ് അഫ്ഗാന് പത്താം വിക്കറ്റ് നഷ്ടമായത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിന് 23 റണ്‍സിന്റെ വിജയവും ലഭിച്ചു.

തോല്‍വിയിലും തലയുയര്‍ത്തി മടങ്ങുന്ന അഫ്ഗാന്‍, 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്താണ് ഇന്നും കളിയവസാനിപ്പിച്ചത്. ടീമെന്ന നിലയില്‍ തങ്ങള്‍ കൈ വരിച്ച പക്വതയുടെ സാക്ഷ്യമാണ് അഫ്ഗാന്‍ നല്‍കുന്നത്. മൂന്നാമനായി ഇറങ്ങി 86 റണ്‍സ് നേടിയ 18 കാരന്‍ ഇക്രം അലി ഖില്‍ ആണ് അഫ്ഗാന്‍ നിരയിലെ താരം. ഓപ്പണര്‍ റഹ്മത് ഷായും അര്‍ധ സെഞ്ചുറി നേടി. 62 റണ്‍സാണ് താരം നേടിയത്.

അസ്ഗര്‍ അഫ്ഗാന്‍ 40 റണ്‍സും സദ്രാന്‍ 31 റണ്‍സും കൂട്ടിച്ചേര്‍ത്തു. 10-ാമനായി ഇറങ്ങിയ സയ്യിദ് ശിര്‍സാദ് 25 റണ്‍സും കൂട്ടിച്ചേര്‍ത്തു. നാല് വിക്കറ്റെടുത്ത കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും മൂന്ന് വിക്കറ്റെടുത്ത കെമര്‍ റോച്ചുമാണ് വിന്‍ഡീസ് ബോളര്‍മാരില്‍ തിളങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook