ലോകകപ്പിൽ ഇയാൻ മോർഗൻ എന്ന ഇംഗ്ലിഷ് നായകന്റെ മിന്നൽ ബാറ്റിങ്ങിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ കൂറ്റൻ സ്കോറാണ് കെട്ടിപടുത്തത്. 57 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച മോർഗൻ 17 സിക്സറുകളും നാല് ഫോറും ഉൾപ്പടെ 71 പന്തിൽ നിന്ന് 148 റൺസെടുത്ത ശേഷമാണ് ക്രീസ് വിട്ടത്. ലോകകപ്പിൽ ഏറ്റവും വേഗമേറിയ നാലമത്തെ സെഞ്ചുറി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരം എന്നിങ്ങനെ പര റെക്കോർഡുകളും മോർഗൻ തിരുത്തിയെഴുതുമ്പോൾ മറുവശത്ത് ബോളിങ് എൻഡിൽ റാഷിദ് ഖാനെന്ന ബോളറുടെ പേരിൽ അയാളറിയാതെ പല നാണക്കേടിന്റെ റെക്കോർഡുകളും കൂട്ടിച്ചേർക്കപ്പെട്ടു.

റൺസ് വിട്ടുനൽകുന്നതിൽ സെഞ്ചുറി തികച്ച റാഷിദ് ഖാൻ ഒമ്പത് ഓവറിൽ 110 റൺസാണ് വിട്ടുനൽകിയത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകുന്ന രണ്ടാമത്തെ താരമായി റാഷിദ് മാറി. പാക്കിസ്ഥാന്റെ വഹാബ് റിയാസിനൊപ്പമായിരിക്കും ബ്ലാക്ക് റെക്കോർഡ്സിൽ ഇനി റാഷിദിന്റെ സ്ഥാനം. 113 റൺസ് വഴങ്ങിയ മിക്കായേൽ ലെവിസിന്റെ പേരിലാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ റെക്കോർഡ്.

ലോകകപ്പിൽ ഒരു താരം വഴങ്ങുന്ന ഏറ്റവും ഉയർന്ന സ്കോറും ഇനി റാഷിദിന്റെ പേരിലായിരിക്കും. ഒമ്പത് ഓവറെറിഞ്ഞ റാഷിദ് ഖാൻ 12.22 ഇക്കോണമിയിലാണ് 110 റൺസ് വഴങ്ങിയത് മത്സരത്തിൽ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാനും സാധിച്ചില്ല.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായി ഇയാൻ മോർഗൻ മാറിയപ്പോൾ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങുന്ന താരമായി റാഷിദ് മാറി. മത്സരത്തിൽ 11 സിക്സറുകളാണ് റാഷിദിനെതിരെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ പറത്തിയത്.

മോർഗന്റെ 17 സിക്സറുകൾ ഉൾപ്പടെ 25 സിക്സുകളാണ് ഇംഗ്ലണ്ട് അടിച്ച് പറത്തിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീമായും ഇംഗ്ലണ്ട് മാറി. 2019 ലോകകപ്പിൽ ഇതോടെ മോർഗൻ നേടിയ സിക്സുകളുടെ എണ്ണം 22 സിക്സായി.

കന്നി ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ 397 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 എന്ന കൂറ്റൻ സ്കോറിലെത്തിയത്. നായകൻ ഇയാൻ മോർഗന്റെയും സെഞ്ചുറി ബാറ്റിങ് മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. നായകന് കരുത്ത് പകർന്ന് റൂട്ടും ബെയർസ്റ്റോയും കളം നിറഞ്ഞതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകൊട്ടാൻ അഫ്ഗാന് സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook