കളിക്കളത്തില്‍ തന്റെ വികാരങ്ങള്‍ മറച്ച് വെക്കുന്ന ശീലം ഇന്ത്യന്‍ നായകന്‍ വിരാട് കോഹിലിയ്ക്കില്ല. ദേഷ്യം ആയാലും സന്തോഷം ആയാലും വിരാട് അത് പ്രകടിപ്പിക്കും. പക്ഷെ കളിക്കളത്തിന് പുറത്തേക്ക് ഈ വികാരങ്ങളെ കൊണ്ടു വരാതെ നോക്കാനും വിരാടിന് അറിയാം. എതിര്‍ ടീമിലെ താരങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്നതിലും ശ്രദ്ധാലുവാണ് വിരാട്. എതിര്‍ ടീമിലെ താരങ്ങള്‍ ബാറ്റിങ് ടിപ്പ്‌സ് നല്‍കുന്ന വിരാടിനെ പലപ്പോഴും കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ എതിര്‍ ടീമിലെ താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് റാഷിദ് ഖാന്‍. കോഹ്‌ലിയെ ഏറെ ആരാധിക്കുകയും ചെയ്യുന്നുണ്ട് റാഷിദ്. ലോകത്തെ മുന്‍ നിര ബാറ്റ്‌സ്മാന്മാരില്‍ നിന്നും ബാറ്റുകള്‍ ശേഖരിക്കുന്ന സ്വഭാവവും റാഷിദിനുണ്ട്. വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ തുടങ്ങിയ താരങ്ങളുടെ ബാറ്റുകള്‍ ഇപ്പോള്‍ റാഷിദിന്റെ പക്കലുണ്ട്.
Read More: ആ സല്യൂട്ട് വെറുമൊരു ആഘോഷമല്ല; പിന്നിലെ കഥയറിഞ്ഞാല്‍ കോട്ട്രലിന് സല്യൂട്ടടിക്കും
”ബാറ്റിങ്ങിനെ കുറിച്ച് പഠിക്കുമ്പോള്‍ നല്ല ബാറ്റുകള്‍ വേണം. എനിക്ക് വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവരില്‍ നിന്നും ബാറ്റുകള്‍ കിട്ടിയിട്ടുണ്ട്. അതെല്ലാം വളരെ സ്‌പെഷ്യലാണ്. ലോകകപ്പില്‍ ഇത് ഉപകരിക്കും” റാഷിദ് ഖാന്‍ പറയുന്നു. അതേസമയം, ഇതിലൊരു ബാറ്റ് തന്റെ സഹതാരവും അഫ്ഗാനിസ്ഥാന്‍ മുന്‍ നായകനുമായ അസ്ഗര്‍ അഫ്ഗാന്‍ മോഷ്ടിച്ചെന്നും റാഷിദ് വെളിപ്പെടുത്തുന്നു.
Afghan superstar Rashid Khan has a habit of collecting great players' bats, however, one has been stolen! He tells the story… pic.twitter.com/pj97NuunFP
— cricket.com.au (@cricketcomau) June 1, 2019
”ഒരു മത്സരത്തില്‍ ആ ബാറ്റുമായാണ് കളിക്കിറങ്ങിയത്. ഒരു ഫോര്‍ അടിച്ചു. അടുത്തത് ഫോര്‍ അടിക്കാനാണ് ഉദ്ദേശിച്ചത് പക്ഷെ സിക്‌സ് ആയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ സ്വയം ചോദിച്ചു. ഈ ബാറ്റിന് എന്തോ പ്രത്യേകതയുണ്ടല്ലോ എന്ന് തോന്നി. ബാറ്റ് എനിക്ക് ഇഷ്ടമായി. അടിച്ച പന്തെല്ലാം സിക്‌സ് പോകുന്നത് പോലെ. പവലിയനിലേക്ക് തിരികെ വന്നതും അസ്ഗര്‍ വന്നു ചോദിച്ചു, ആ ബാറ്റ് എനിക്ക് തരൂമോ എന്ന്. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു” താരം പറയുന്നു.
”പക്ഷെ അവന്‍ ബാറ്റ് എടുത്തു സ്വന്തം ബാഗില്‍ വച്ചു. അതൊരു സ്‌പെഷ്യല്‍ ബാറ്റായിരുന്നു. സ്‌പെഷ്യല്‍ താരം തന്നതായിരുന്നു. അവന്‍ അത് കൊണ്ട് നന്നായി കളിക്കില്ലെന്നും അതോടെ എനിക്ക് തന്നെ തിരികെ തരുമെന്നും കരുതുന്നു” റാഷിദ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നല്‍കിയ ബാറ്റായിരുന്നു അത്.