ബിര്‍മിങ്ഹാം: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ലോഡ്‌സിലേക്കാണ്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോഡ്‌സില്‍ ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ത്തെത്തിയ ന്യൂസീലന്‍ഡും ഓസീസിന് മടക്ക ടിക്കറ്റ് നല്‍കിയ ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളുണ്ടാകും. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെയും കിരീടം നേടാന്‍ കഴിയാത്ത രണ്ടു ടീമുകളാണ് ഇത്തവണ ഫൈനലിലെത്തിയിരിക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടുമായിരിക്കും 2019 ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരില്‍ ഏറ്റുമുട്ടുക എന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് വാങ്ങിക്കൂട്ടി. എന്നാല്‍ സെമിയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റതോടെ ആ പ്രതീക്ഷകളത്രയും അസ്തമിച്ചു. ഇത് തിരിച്ചടിയായത് ന്യൂസിലാന്‍ഡിന്റെ ആരാധകര്‍ക്കാണ്.

അവര്‍ക്കിപ്പോള്‍ ഫൈനല്‍ കാണാന്‍ അവസരമില്ലെന്നാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷം വ്യക്തമാക്കുന്നത്. ന്യൂസിലാന്‍ഡ് ഫൈനലിലെത്തുമെന്ന് അവരും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങള്‍ കളി കാണാന്‍ വരുന്നില്ലെങ്കില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകള്‍ മറിച്ചുവില്‍ക്കണമെന്നാണ് ജിമ്മി നിഷം ഇന്ത്യന്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More: ലോകകപ്പിന് പുതിയ അവകാശിയെത്തും; ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടം ഞായറാഴ്ച

‘പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ, നിങ്ങള്‍ ഫൈനല്‍ കാണാന്‍ വരുന്നില്ലെങ്കില്‍ ദയവ് ചെയ്ത് ടിക്കറ്റുകള്‍ ഔദ്യോഗിക ഫ്ലാറ്റ്ഫോമുകളിലൂട വില്‍ക്കണം. എനിക്കറിയാം ഈ ടിക്കറ്റിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന്, പക്ഷേ യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിക്ക് കളി കാണാനുള്ള അവസരമാക്കി ഇതിനെ മാറ്റാന്‍ അപേക്ഷിക്കുന്നു,’ നിഷം വ്യക്തമാക്കി.

തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് കെയ്ന്‍ വില്യംസണിന്റെ ന്യൂസീലന്‍ഡ് തയ്യാറെടുക്കുന്നത്. പക്ഷേ ലോകകിരീടം എന്നത് അവര്‍ക്കും നിലവില്‍ സ്വപ്‌നം മാത്രമാണ്. ഇത്തവണ കരുത്തരായ ഇന്ത്യയെ 18 റണ്‍സിന് തകര്‍ത്ത കിവികള്‍ കിരീടം ഉയര്‍ത്താന്‍ കരുത്തുള്ള സംഘമാണ്. കഴിഞ്ഞ തവണ ഫൈനലില്‍ ഓസീസിനോട് ഏഴു വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്.

ക്രിക്കറ്റിന്റെ തറവാട്ടുകാരാണെങ്കിലും ഇതുവരെയും ലോകകപ്പില്‍ മുത്തമിടാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. കലാശപോരാട്ടത്തിന് തന്നെ അവര്‍ അര്‍ഹത നേടിയത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 ലാണ്. അന്ന് പാകിസ്ഥാനോട് 22 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീമിന് പിന്നെ ഫൈനലില്‍ എത്താന്‍വരെ കഴിഞ്ഞിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook