scorecardresearch
Latest News

രണ്ട് പന്ത് ബാക്കി നില്‍ക്കെ പാക്കിസ്ഥാന് മിന്നും ജയം; പോയന്റ് പട്ടികയില്‍ നാലാമത്

ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായി.

ലീഡ്‌സ്: ആവേശപ്പോരില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലാണ് പാക്കിസ്ഥാന്‍ മറി കടന്നത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. രണ്ട് പന്ത് ബാക്കി നില്‍ക്കെ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റിനാണ് പാക് വിജയം.

ഇതോടെ പോയന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി പാക്കിസ്ഥാന്‍ നാലാമതെത്തി.നിര്‍ണായക നിമിഷത്തില്‍ അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായ ഫില്‍ഡിങ് പിഴവും അവര്‍ക്ക് തിരിച്ചടിയായി.

രണ്ട് വിക്കറ്റും 49 റണ്‍സും നേടിയ ഇമാദ് വസീമാണ് പാക്കിസ്ഥാന്റെ വിജയ ശില്‍പ്പി. അവസാന ഓവറുകളിലേക്ക് അടുക്കവെ പാക്കിസ്ഥാന്‍ കളി കൈവിട്ടെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇമാദ് പാക്കിസ്ഥാനെ കൂറ്റനടികളിലൂടെ തിരികെ കൊണ്ടു വരികയായിരുന്നു. 54 പന്തില്‍ 49 റണ്‍സാണ് ഇമാദ് നേടിയത്. ഒമ്പതാമനായി ഇറങ്ങിയ വഹാബ് റിയാസ് 9 പന്തില്‍ 15 റണ്‍സ് നേടി വിജയം വേഗത്തിലാക്കാന്‍ സഹായിച്ചു.

ഓപ്പണര്‍ ഫഖര്‍ സമാനെ റണ്‍ ഒന്നും എടുക്കാതെ അഫ്ഗാന്‍ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ തെല്ലൊന്ന് ഭയന്നു. എന്നാല്‍ ഇമാം ഉള്‍ ഹഖും ബാബര്‍ അസമും നല്ല അടിത്തറ പാകിയതോടെ കളി പാക്കിസ്ഥാന്റെ വരുതിയിലായി. ബാബര്‍ 51 പന്തില്‍ 45 റണ്‍സ് നേടി. 36 റണ്‍സാണ് ഇമാമിന്റെ സമ്പാദ്യം. ഹാരിസ് സൊഹൈല്‍ 27 റണ്‍സും സര്‍ഫ്രാസ് അഹമ്മദ് 18 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായി.

നേരത്തെ മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുമായി തിളങ്ങിയ ഷഹീന്‍ അഫ്രീദിയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്.

റഹ്മത്ത് ഷായും ഗുല്‍ബാദിന്‍ നയിബും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഷാ 35 റണ്‍സും നയിബ് 15 റണ്‍സുമെടുത്തു. ഷായെ ഇമാദും നയിബിനെ ഷഹീനുമാണ് പുറത്താക്കിയത്. പിന്നാലെ വന്ന ഹഷ്മത്തുള്ളയെ ആദ്യ പന്തില്‍ തന്നെ ഷഹീന്‍ മടക്കി. എന്നാല്‍ മധ്യനിര ശക്തമായി ചെറുത്തു നിന്നു.

ഇക്രം അലി 24 റണ്‍സെടുത്ത് ഇമാദിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ അസ്ഗര്‍ അഫ്ഗാന്‍ 35 പന്തില്‍ 42 റണ്‍സുമായി തകര്‍ത്തടിച്ചു. 16 റണ്‍സെടുത്ത നബിയെ വഹാബ് റിയാസ് പുറത്താക്കി. നജീബുള്ള സദ്രാന്‍ 42 റണ്‍സെടുത്ത് നില്‍ക്കെ ഷഹീന്റെ പന്തില്‍ പുറത്തായി. 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചത് അഫ്ഗാന്റെ ചെറുത്തു നില്‍പ്പിന്റെ ഫലമാണ്. ഒമ്പത് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Pakistav vs afghanistan icc cricket world cup 2019 live updates