ബെര്‍മിങ്ഹാം: ന്യൂസിലന്‍ഡിന്റെ അപരാജിത കുതിപ്പിന് അഞ്ച് പന്ത് ബാക്കി വച്ചാണ് പാക്കിസ്ഥാന്‍ കടിഞ്ഞാണിട്ടത്. പറഞ്ഞത് ഇന്നലത്തെ വിജയത്തെ കുറിച്ചല്ല. 27 കൊല്ലം മുമ്പ് 1992 ലോകകപ്പിലെ വിജയത്തെ കുറിച്ചാണ്. ഇന്നലെയും ന്യൂസിലന്‍ഡിന്റെ അപരാജിത കുതിപ്പിന് പാക്കിസ്ഥാന്‍ വിരാമമിട്ടത് അഞ്ച് പന്ത് ബാക്കി നില്‍ക്കെയായിരുന്നു. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും പാക്കിസ്ഥാന്റെ മൂന്നാം വിജയം. അന്നും ഇന്നും.

തീര്‍ന്നില്ല. ഈ ലോകകപ്പില്‍ ഇതുവരെയുള്ള പാക്കിസ്ഥാന്റെ യാത്ര തങ്ങളുടെ 1992 ലെ യാത്രയ്ക്ക് സമാനമാണ്. അന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ കപ്പുയര്‍ത്തിയിരുന്നു. ചരിത്രം അതേപടി ആവര്‍ത്തിക്കുന്നത് കണ്ട് ചില ആരാധകരെങ്കിലും കപ്പ് പാക്കിസ്ഥാന്‍ ഉയര്‍ത്തുമെന്ന് വിശ്വസിക്കുന്നുണ്ട്.

1992 ല്‍ പാക്കിസ്ഥാന്‍ ലോകകപ്പ് നേടുമ്പോള്‍ തൊട്ട് മുമ്പത്തെ രണ്ട് ലോകകപ്പ് ജേതാക്കള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമായിരുന്നു. ഇത്തവണയും അത് അങ്ങനെ തന്നെയാണ്. 2011 ല്‍ ഇന്ത്യയും 2015 ല്‍ ഓസ്‌ട്രേലിയയുമാണ് ലോകകപ്പ് നേടിയത്. രണ്ട് ലോകകപ്പിലും രണ്ട് പുതിയ പന്തുകള്‍ ഉപയോഗിച്ചു എന്നതും സമാനതയാണ്.

കളിക്കളത്തിലെ സമാനതകള്‍ പോലെ തന്നെ കളത്തിന് പുറത്തും സമാനതകളുണ്ട് രണ്ട് ടീമിന്റേയും ഇതുവരെയുള്ള യാത്രകളില്‍. 1992 ല്‍ ആസിഫ് അലി സര്‍ദാരി ജയിലിലായിരുന്നു. 2019 ലും മുന്‍ പാക് പ്രസിഡന്റ് ജയിലിലാണ്. സിനിമാ രംഗത്തു നിന്നുമുണ്ടൊരു സമാനത. 1992 ലാണ് അലാദിന്‍ അനിമേഷന്‍ ചിത്രം പുറത്തിറങ്ങിയത്. 2019 ല്‍ അലാദിന്റെ ലൈവ് ആക്ഷന്‍ പതിപ്പും ഇറങ്ങി.

രണ്ട് ലോകകപ്പിന്റേയും ഫോര്‍മാറ്റിലുമുണ്ട് സമാനത. രണ്ട് ലോകകപ്പുകളും റൗണ്ട് റോബില്‍ ഫോര്‍മാറ്റിലുള്ളതാണ്. പക്ഷെ 2019 ല്‍ പത്ത് ടീമുകളും 1992 ല്‍ ഒമ്പത് ടീമുമാണ് എന്നത് വ്യത്യാസമാണ്. 1992 ല്‍ പാക്കിസ്ഥാന്റെ ആദ്യത്തെ ഏഴ് കളികളിലേയും ഫലങ്ങളും ഇപ്പോഴത്തേതിന് സമാനമാണ്. തോല്‍വിയിലാണ് തുടക്കം, രണ്ടാം കളി ജയിച്ചു. അടുത്തത് ഉപേക്ഷിച്ചു. അടുത്ത രണ്ട് കളികളും ജയിച്ചു. ആറും ഏഴും ജയിച്ചു. അന്നും പാക്കിസ്ഥാന്‍ ലോകകപ്പ് ആരംഭിച്ചത് ഇത്തവണത്തേത് പോലെ വിന്‍ഡീസിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു.

1992 ല്‍ പാക്കിസ്ഥാന്റെ യുവതാരമായിരുന്നു ഇന്‍സമാം ഉള്‍ ഹഖ്, ഇന്നും പാക്കിസ്ഥാന്‍ ടീമില്‍ ഒരു ഉള്‍ ഹഖുണ്ട്. ഇന്‍സമാമിന്റെ മരുമകന്‍ ഇമാം ഉള്‍ ഹഖ്. 1992 ല്‍ പാക്കിസ്ഥാന്റെ ആറാം മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് സാഹൈല്‍ ആമിറായിരുന്നു. ഇത്തവണ ആറാം മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് മറ്റൊരു സൊഹൈലാണ്, ഹാരിസ് സൊഹൈല്‍. രണ്ട് പേരും ഇടങ്കയ്യന്മാര്‍. ഹാരിസ് സൊഹൈലിന്റെ റണ്‍ ഔട്ടിലുമുണ്ടൊരു സമാനത.

പക്ഷെ ഈ സമാനതകളൊക്കെ കണ്ട് പാക്കിസ്ഥാന്‍ കപ്പുയര്‍ത്തുമെന്ന് വിശ്വസിക്കാന്‍ പോയാല്‍ അത് കടന്ന കൈയ്യാകും. പ്രത്യേകിച്ച് ആദ്യ നാല് സ്ഥാനത്തെ ടീമുകള്‍ ശക്തമായ നിലയിലിരിക്കെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook