തുടക്കത്തിൽ നേരിട്ട തകർച്ചയ്ക്ക് ശേഷം ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിത കുതിപ്പ് നടത്തി മുന്നേറുകയാണ് പാക്കിസ്ഥാൻ. സെമി പ്രതീക്ഷകളിലും ഒട്ടും പിന്നിലല്ല പാക്കിസ്ഥാൻ. അടുത്ത മത്സരത്തിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനോട് ജയിക്കുകയും ഇംഗ്ലണ്ട് ന്യൂസലൻഡിനോട് പരാജയപ്പെടുകയും ചെയ്താൽ പാക്കിസ്ഥാന് സെമിയിൽ പ്രവേശിക്കാം. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയ 31 റൺസ് ജയമാണ് പാക്കിസ്ഥാന്റെ സെമി സാധ്യതകൾ ഇരുട്ടിലാക്കിയത്.

ഒരു ജയമകലെ പാക്കിസ്ഥാന് സെമി സാധ്യതകൾ സജീവമാകുമെന്നിരിക്കെ അങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് മുൻ താരങ്ങളും. സർഫ്രാസും സംഘവും സെമിയിൽ പ്രവേശിക്കുമെന്ന് മുൻ പാക് ഇതിഹാസ താരം വഖാർ യൂനിസ് പറയുന്നു. സെമിയിലെത്തിയാൽ ടൂർണമെന്റിലെ ഏറ്റവും അപകടകാരികൾ പാക്കിസ്ഥാനാകുമെന്നും വഖാർ യൂനിസ് പറയുന്നു.

“ഈ സാഹചര്യം ശരിക്കും പേടിപ്പെടുത്തുന്നുണ്ട്. ചരിത്രം ആവർത്തിക്കപ്പെടുന്നതാണോ? എനിക്കറിയില്ല. പക്ഷെ പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിച്ചാൽ ടൂർണമെന്റിലെ ഏറ്റവും അപകടകാരികൾ പാക്കിസ്ഥാൻ തന്നെയായിരിക്കും. അത് സംഭവിക്കണമെങ്കിൽ ബംഗ്ലാദേശിനെതിരെ വിജയിക്കണം,” വഖാർ യൂനിസ് പറഞ്ഞു.

എന്നാൽ ബംഗ്ലാദേശിനെതിരെ ജയിക്കാൻ അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്ത ജയം മതിയാകില്ലെന്നും വഖാർ പറയുന്നു. അഫ്ഗാനിസ്ഥാനെതിരെ കണ്ടത് ഒരു ചാമ്പ്യൻ ടീമിന് പറ്റിയ പ്രകടനമല്ലെന്നും വഖാർ ഒർമ്മപ്പെടുത്തുന്നു.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ തോൽവിയിൽ വഖാര്‍ യൂനസ് ധോണിക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു. ചാമ്പ്യന്‍സിന് ചേര്‍ന്ന പ്രകടനമല്ല ഇന്ത്യ നടത്തിയതെന്ന് വഖാര്‍ ട്വിറ്ററില്‍ കുറിച്ചു. “ഇത് നിങ്ങളല്ല, ജീവിതത്തില്‍ നിങ്ങള്‍ എന്താണോ ചെയ്യുന്നത് അതാണ് നിങ്ങളെ നിര്‍വചിക്കുന്നത്. പാക്കിസ്ഥാന്‍ സെമിയില്‍ കയറുമോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല. എന്നാല്‍, ഒരു കാര്യം ഉറപ്പാണ്. ചില ചാമ്പ്യന്‍മാരുടെ സ്‌പോര്‍ട്‌സ്മാൻഷിപ് പരീക്ഷപ്പെട്ടു. അവര്‍ അതില്‍ അതിദയനീയമായി പരാജയപ്പെടുകയും ചെയ്തു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook