ഏറെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകകപ്പിൽ പാക്കിസ്ഥാൻ – ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ബ്രിസ്റ്റോളിൽ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതോടെ ശ്രീലങ്ക പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കും പാക്കിസ്ഥാൻ നാലാം സ്ഥാനത്തേക്കും ഉയർന്നു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ തടസപ്പെടുത്തുകയായിരുന്നു. ഓവറുകൾ ചുരുക്കിയാണെങ്കിലും മത്സരം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു സംഘാടകർ. എന്നാൽ മഴ കനത്തതോടെ മത്സരം ആരംഭിക്കാൻ സാധിച്ചില്ല. ടോസ് പോലും ചെയ്യാതെയാണ് മത്സരം രാത്രി എട്ട് മണിയോടെ ഉപോക്ഷിക്കാൻ തീരുമാനമായത്.
ലോകകപ്പ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനെതിരെ ശ്രീലങ്ക പോയിന്റ് നേടുന്നതും. ഇതുവരെ ഏഴ് മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം പാക്കിസ്ഥാനൊപ്പമായിരുന്നു.
ഇംഗ്ലണ്ട് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയമെന്ന ഇരു ടീമുകളുടെയും പ്രതീക്ഷയാണ് അസ്ഥാനത്തായത്. ആദ്യ മത്സരത്തിൽ നാണാംകെട്ട തോൽവി വഴങ്ങിയ ഇരു ടീമുകളും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വിൻഡീസിനെതിരെ ഏഴ് വിക്കറ്റിന് തോൽവി സമ്മതിച്ച പാക്കിസ്ഥാനെയല്ല രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കണ്ടത്. ഇംഗ്ലണ്ടിനെ 14 റൺസിനാണ് പാക്കിസ്ഥാൻ തകർത്തത്.
ശ്രീലങ്കയാകട്ടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പൂർണ്ണ പരാജയം സമ്മതിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പൂർണ്ണ പരാജയം സമ്മതിക്കുകയായിരുന്നു. പത്ത് വിക്കറ്റിനാണ് ന്യൂസിലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് അവസാന നിമിഷത്തെ പ്രകടനം ജയത്തിലേക്ക് നയിച്ചു.
ജൂൺ 11 ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ജൂൺ 12 ബുധനാഴ്ച പാക്കിസ്ഥാൻ ഓസ്ട്രേലിയയെയും നേരിടും.