/indian-express-malayalam/media/media_files/uploads/2019/06/Pakistan-2.jpg)
ലോര്‍ഡ്‌സ്: പാക്കിസ്ഥാന്റെ പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്‍ വിജയം 49 റണ്‍സിന്. ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി. എന്നാല്‍ തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നും സെമി കാണാതെ പുറത്തായി.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഹാഷിം അംലയെ നഷ്ടമായി. പിന്നീട് ഡി കോക്കും നായകന്‍ ഡുപ്ലെസിസും പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 91 ലെത്തിയതോടെ ഡി കോക്ക് പുറത്തായി. അധികം വൈകാതെ മര്‍ക്രമും പുറത്തായി. സ്‌കോര്‍ 136 ലെത്തിയപ്പോള്‍ ഡുപ്ലെസിസും മടങ്ങി.
അര്‍ധ സെഞ്ചുറി നേടിയ നായകന്‍ തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരില്‍ മുന്നില്‍ നില്‍ക്കുന്നത്. 79 പന്തുകളില്‍ അഞ്ച് ഫോറടക്കം 63 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. ഡികോക്ക് മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 47 റണ്‍സ് നേടി. മധ്യനിര ശക്തമായി ചെറുത്തു നിന്നെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
വാന്‍ ഡെര്‍ ഡസെന്‍ 47 പന്തില്‍ 36 റണ്‍സും ഡേവിഡ് മില്ലര്‍ 37 പന്തില്‍ 31 റണ്‍സും നേടി പുറത്തായി. വാലറ്റത്തെ കൂട്ടുപിടിച്ച് നിന്ന ഫെലുഖ്വായോ 46 റണ്‍സാണ് നേടിയത്. ക്രിസ് മോറിസ് 16 റണ്‍സും കൂട്ടിച്ചേര്‍ത്തു.
പാക് ബോളര്‍മാരില്‍ നിന്നും കണ്ടത് കരുത്തുറ്റ പ്രകടനമാണ്. മൂന്ന് വിക്കറ്റ് വീതം നേടിയ ഷദാബ് ഖാനും വഹാബ് റിയാസുമാണ് മുന്നില്‍. തീപാറും പേസുമായി ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ച മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റ് നേടി. ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും നേടി. 259 റണ്‍സുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ഇന്ത്യയ്‌ക്കെതിരെ തകര്‍ന്ന പാക്കിസ്ഥാന്‍ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 309 റണ്‍സ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 308 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈല്‍, ബാബര്‍ അസം എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 81 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തു. എന്നാല്‍ രണ്ട് പേരേയും പുറത്താക്കി ഇമ്രാന്‍ താഹിര്‍ ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. രണ്ട് പേരും 44 റണ്‍സുമായാണ് മടങ്ങിയത്.
മൂന്നാമത് വന്ന ബാബര്‍ അസം തകര്‍ത്തടിച്ചു. മുഹമ്മദ് ഹഫീസ് 20 റണ്‍സെടുത്ത് പുറത്തായെങ്കിലും ബാബറും സൊഹൈലും തകര്‍ത്തടിച്ചു. 69 റണ്‍സെടുത്ത ബാബറിനെ ഫെലുഖ്വായോ പുറത്താക്കിയെങ്കിലും അപ്പോഴേക്കും സൊഹൈല്‍ കളം പിടിച്ചിരുന്നു. 59 പന്തില്‍ ഒമ്പ്ത ഫോറും മൂന്ന് സിക്‌സുമടക്കം 89 റണ്‍സാണ് സൊഹൈല്‍ നേടിയത്. ലുങ്കി എന്‍ഗിഡിയുടെ പന്തിലാണ് സൊഹൈല്‍ പുറത്താകുന്നത്.
പിന്നാലെ വന്നവരൊന്നും അധികം പിടിച്ചു നിന്നില്ല. ഇമാദ് വസീം 23 റണ്‍സെടുത്തു. വഹാബ് റിയാസ് നാലും സര്‍ഫ്രാസ് അഹ്മദ് രണ്ട് റണ്‍സും ഷബാദ് ഖാന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റെടുത്ത എന്‍ഗിഡിയാണ് ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരില്‍ മുന്നില്‍. ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് നേടി. ഇതോടെ ചരിത്രത്തില്‍ തന്റെ പേരെഴുതി ചേര്‍ക്കുകയും ചെയ്തു ഇമ്രാന്‍ താഹിര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ എന്ന അലന്‍ ഡൊണാള്‍ഡിന്റെ റെക്കോര്‍ഡാണ് താഹിര്‍ മറികടന്നത്. ഡൊണാള്‍ഡിന്റെ 38 വിക്കറ്റിന്റെ റെക്കോര്‍ഡുകള്‍ മറി കടന്ന താഹിര്‍ 39 വിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us