ബെർമിങ്ഹാം: ബാബറിന്റെ സെഞ്ചുറി മികവിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ. ഏഴ് വിക്കറ്റിനായിരുന്നു പാക് വിജയം. ന്യൂസിലൻഡ് ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 48.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ബാബർ അസം സെഞ്ചുറിയും ഹാരിസ് സൊഹെയിൽ അർധസെഞ്ചുറിയും നേടി.

ന്യൂസിലൻഡിനെ എറിഞ്ഞിട്ട പാക്കിസ്ഥാന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടക്കം കടക്കാതെ ഫഖർ സമാനാണ് ആദ്യം പുറത്തായത്. അധികം വൈകാതെ ഇമാം ഉൾ ഹഖും പുറത്തായി. ഓപ്പണർമാർ മടങ്ങിയതോടെ ജയപ്രതീക്ഷ സജീമാക്കിയ ന്യൂസിലൻഡിന് എന്നാൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ബാബർ അസം – മുഹമ്മദ് ഹഫീസ് സഖ്യം പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. 32 റൺസുമായി ഹഫീസ് മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത ഹാരിസ് ബാബറിനൊപ്പം ചേർന്ന് പൊരുതി.

നനഞ്ഞ പിച്ചിൽ ശ്രദ്ധപൂർവ്വം ബാറ്റ് വീശിയ ഇരുവരും ജയം കൈയ്യെത്തും ദൂരത്തെത്തിച്ചു. എന്നാൽ ലക്ഷ്യം പൂർത്തിയാക്കുന്നതിന് രണ്ട് റൺസകലെ ഹാരിസ് റൺഔട്ടായി. 76 പന്തിൽ 68 റൺസാണ് താരം നേടിയത്. പിന്നാലെ എത്തിയ നായകൻ സർഫ്രാസ് അഹമ്മദ് ബാബറിനെ മറുവശത്ത് നിർത്തി ടീമിനെ ജയത്തിലേക്ക് നയിച്ചു. 127 പന്ത് നേരിട്ട ബാബർ അസം 101 റൺസ് നേടി.

ആറാം വിക്കറ്റിൽ പിറന്ന സെഞ്ചുറി കൂട്ടുകെട്ട് ലോകകപ്പിൽ ന്യൂസിലൻഡിനെ വലിയ നാണക്കേടിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ജെയിംസ് നീഷാമിന്റെയും കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെയും ചെറുത്തുനിൽപ്പിൽ പാക്കിസ്ഥാനെതിരെ 237 റൺസ് നേടാൻ ന്യൂസിലൻഡിനായി. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ 237 എന്ന പ്രതിരോധിക്കാവുന്ന സ്കോറിലെത്തിയത്. 83ന് അഞ്ച് റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ന്യൂസിലൻഡിനെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു.

ഒരിക്കൽ കൂടി മാർട്ടിൻ ഗുപ്റ്റിലെന്ന ന്യൂസിലൻഡ് ഓപ്പണർ തിളങ്ങാൻ പരാജയപ്പെട്ട മത്സരത്തിൽ അഞ്ച് റൺസിൽ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഗുപ്റ്റിലിന്റെ വിക്കറ്റ് തെറിപ്പിച്ച ആമിറാണ് ഗുപ്റ്റിലിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 24 റൺസിൽ കോളിൻ മുൻറോയെ മടക്കി ഷാഹീൻ അഫ്രീദി ന്യൂസിലൻഡിന് രണ്ടാം പ്രഹരം നൽകി.

രണ്ടക്കം കടക്കാതെ റോസ് ടെയ്‌ലറും ടോം ലഥാമും മടങ്ങിയപ്പോൾ ടീം സ്കോർ അർധസെഞ്ചുറിപ്പോലും കടന്നിരുന്നില്ല. ഇരുവരെയും പുറത്താക്കിയത് ഷാഹീൻ അഫ്രീദിയായിരുന്നു. നായകൻ കെയ്ൻ വില്യംസണിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ സ്കോറിങ്ങിൽ മുന്നേറാൻ ന്യൂസിലൻഡിന് സാധിച്ചു. എന്നാൽ 41 റൺസിൽ നായകൻ കൂടി വീണതോടെ ന്യൂസിലൻഡ് പരാജയം സമ്മതിക്കുകയാണെന്ന് തോന്നി.

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന നീഷാം – ഗ്രാൻഡ്ഹോം സഖ്യം ശ്രദ്ധപൂർവ്വം ബാറ്റ് വീശി. വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസിൽ നിലയുറപ്പിച്ച ഇരുവരും ന്യൂസിലൻഡ് സ്കോർബോർഡ് ഉയർത്തി. 132 റൺസിന്റെ കൂട്ടുകെട്ട് തീർത്ത സഖ്യം പൊളിച്ചത് ആമിറും സർഫ്രാസും ചേർന്ന നടത്തിയ റൺഔട്ട് ശ്രമമാണ്. 71 പന്തുകൾ നേരിട്ട ഗ്രാൻഡ്ഹോം 64 റൺസുമായാണ ക്രീസ് വിട്ടത്. ഗ്രാൻഡ്ഹോം വീഴുമ്പോഴേക്കും പൊരുതാവുന്ന സ്കോറിലേക്ക് ന്യൂസിലൻഡ് എത്തിയിരുന്നു. 112 പന്തിൽ നിന്ന് 97 റൺസെടുത്ത നീഷാമിന്റെ പ്രകടനമാണ് ന്യൂസിലൻഡ് ഇന്നിങ്സിൽ ഏറെ നിർണായകമായത്.അവസാന പന്ത് സികസർ പായിച്ചായിരുന്നു നീഷാം ഇന്നിങ്സ് അവസാനിപ്പിച്ചത്.

പത്ത് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്ത ഷാഹീൻ അഫ്രീദിയാണ് ന്യൂസിലൻഡിനെ വിറപ്പിച്ചത്. മൂന്ന് മെയ്ഡിൻ ഓവറുകൾ എറിയാനും അഫ്രീദിക്കായി. മുഹമ്മദ് ആമിർ ഷബാദ് ഖാൻ എന്നിവർ പാക്കിസ്ഥാന് വേണ്ടി ഓരോ വിക്കറ്റും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook