അയൽക്കാരാണെങ്കിലും രാഷ്ട്രീയമായും കളിയിലും ബദ്ധവൈരികൾ തന്നെയാണ് ഇന്ത്യയും പാക്കിസ്ഥാനും. പ്രത്യേകിച്ച് കളിക്കളത്തിലേക്ക് എത്തുമ്പോൾ നേർക്കുനേർ വരുന്ന ഓരോ മത്സരവും യുദ്ധമായി കാണുന്ന ആരാധകരുള്ള രണ്ട് രാജ്യങ്ങൾ. എന്നാൽ ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ജയിക്കണമെന്നാണ് പാക്കിസ്ഥാൻ ആരാധകർ ആഗ്രഹിക്കുന്നത്. ഇത് അങ്ങനെ നടക്കാറുള്ള ഒരു സംഭവമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും പറയുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരഫലം അനുസരിച്ചായിരിക്കും പാക്കസ്ഥാന്റെ ലോകകപ്പ് സെമി പ്രവേശനം.

“സത്യംപറഞ്ഞാൽ എന്താണ് പുറത്ത് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്നാൽ പാക്കിസ്ഥാൻ ആരാധകർ ഇന്ന് ഇന്ത്യയെ പിന്തുണക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അത് ഒരു അപൂർവ്വ സംഭവമാണ്,” വിരാട് കോഹ്‌ലി പറഞ്ഞു.

നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റുകളുമായി നാലാം സ്ഥാനത്താണ് പാക്കിസ്ഥാൻ. അവശേഷിക്കുന്നത് ഒരു മത്സരവും. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് എട്ട് പോയിന്റും രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുമുണ്ട്. ഇന്നത്തെ മത്സരം ജയിക്കാനായാൽ ഇംഗ്ലണ്ടിന് സെമിയിലേക്ക് ഒരുപടി കൂടി അടുക്കാം. ഇംഗ്ലണ്ട് പരാജയപ്പെട്ടാൽ ഗുണം പാക്കിസ്ഥാനുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ജയിക്കണമെന്ന് ഏതൊരു പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകന്റെയും ആഗ്രഹം.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്നത്തെ മത്സര വിജയത്തോടെ സെമിയുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. കിരീട സാധ്യതയിൽ മുൻനിരയിലുള്ള രണ്ട് ടീമുകൾ നേർക്കുനേർ വരുന്നത് മത്സരത്തിന് ആവേശം പകരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ സെമി സാധ്യത തുലാസിലിരിക്കുന്ന സാഹചര്യത്തിൽ. ഇന്ത്യൻ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലാണ് മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook