പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ബംഗ്ലാദേശ്. ലോകകപ്പ് സെമി കാണാതെ പാക്കിസ്ഥാൻ നാട്ടിലേക്ക്. നിർണായ കമത്സരത്തിൽ 311 റൺസിന്റെ മാർജിനിൽ ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് ന്യൂസിലൻഡിനെ മറികടന്ന് സെമിയിലേക്ക് മുന്നേറാൻ സാധിക്കുമായിരുന്നുള്ളു. എന്നാൽ പാക്കിസ്ഥാൻ ഇന്നിങ്സ് 315 റൺസിൽ അവസാനിക്കുകയും ബംഗ്ലാദേശ് നാല് റൺസിലധികം നേടുകയും ചെയ്തതോടെ പാക്കിസ്ഥാന്റെ മോഹങ്ങൾ അവസാനിച്ചു.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്തെങ്കിലും വമ്പൻ സ്കോർ കണ്ടെത്തുന്നതിൽ പാക്കിസ്ഥാന് സാധിക്കാതെ വന്നതോടെ ലോകകപ്പ് സെമി ന്യൂസിലൻഡ് ഉറപ്പിക്കുകയായിരുന്നു. മിഷൻ ഇംപോസിബിൾ ആണെന്നറിഞ്ഞ് തന്നെയാണ് സർഫ്രാസും സംഘവും പോരാട്ടത്തനിറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ സർഫ്രാസ് അത് പറയുകയും ചെയ്തു. പറ്റില്ലെന്നറിയാം എന്നാലും 500 മുതൽ 550 റൺസ് വരെ നേടാൻ ശ്രമിക്കുമെന്നായിരുന്നു സർഫ്രാസിന്റെ വാക്കുകൾ.

ഇതോടെ ലോകകപ്പിൽ സെമിഫൈനലിസ്റ്റുകൾ ആരൊക്കെയെന്നും വ്യക്തമായി. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് പുറമെ ഇന്ത്യ, ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലൻഡും സെമി കളിക്കും. ഇതിൽ മൂന്ന് ടീമുകളും കഴിഞ്ഞ ലോകകപ്പ് സെമിയിലും എത്തിയ ടീമുകളാണ്. സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ തന്നെ കലാശപോരാട്ടത്തിൽ കിവികളെയും പൊട്ടിച്ച് കിരീടം ഉയർത്തുകയായിരുന്നു.

ആരോടും തോൽക്കും ആരോടും ജയിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാൻ അവസാനഘട്ടത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. വിൻഡീസിനോട് തോറ്റു തുടങ്ങിയ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരെ ഞെട്ടിച്ച് ജയം സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ മഴ വില്ലനായപ്പോൾ ഓസ്ട്രേലിയയോടും ഇന്ത്യയോടും പൊരുതി നോക്കാൻ പോലും പാക്കിസ്ഥാന് സാധിച്ചില്ല.

അതേസമയം ദക്ഷിണാഫ്രിക്കയെയും ന്യൂസിലൻഡിനെയും പരാജയപ്പെടുത്തി പാക്കിസ്ഥാൻ സെമി സാധ്യത നിലനിർത്തി. അഫ്ഗാനിസ്ഥാനെതിരായ അവസാന നിമിഷത്തിലെ ജയം സാധ്യതകൾ കൂടുതൽ ഉറപ്പിക്കുകയായിരുന്നു. ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശിനെതിരെ 311 റൺസിന്റെ ജയം എന്ന ബാധ്യത പാക്കിസ്ഥാന് മേൽ വന്നത്. അങ്ങനെയല്ലായിരുന്നെങ്കിൽ 1992ന് ശേഷം രണ്ടാം കിരീടം നേടി പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങിയേനെയെന്ന് ക്രിക്കറ്റ് ലോകം അടിവരയിട്ടു പറയുന്നു. അത്രത്തോളം അക്രമകാരികളാണ് അവർ. ആത്മവിശ്വാമുള്ളവരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook