ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ടീമിനും മുന്‍ നായകന്‍ എം.എസ്.ധോണിക്കുമെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാക്കിസ്ഥാന്റെ സെമി പ്രവേശന സാധ്യതകള്‍ തകര്‍ക്കാന്‍ ഇന്ത്യ മനഃപൂര്‍വ്വം തോല്‍ക്കുകയായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനിടെ ഇന്ത്യയെ തോല്‍പ്പിച്ചത് പുതിയ ജഴ്‌സിയാണെന്ന അഭിപ്രായവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരിക്കുകയാണ്.

”അന്ധവിശ്വാസി എന്ന് വിളിച്ചോളൂ, പക്ഷെ ഞാന്‍ പറയും ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത് ആ ജഴ്‌സിയാണെന്ന്” എന്നായിരുന്നു മെഹ്ബൂബയുടെ ട്വീറ്റ്. പുതിയ ഓറഞ്ച് ജഴ്‌സിയണിഞ്ഞാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

ജയം മാത്രം മുന്നിലുണ്ടായിരുന്ന ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയുടേയും ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റേയും കരുത്തില്‍ 338 റണ്‍സെന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നിലുയര്‍ത്തിയത്. എന്നാല്‍ ഇന്ത്യ 306 റണ്‍സ് മാത്രമാണെടുത്തത്. അഞ്ച് വിക്കറ്റും ഇന്ത്യയുടെ പക്കല്‍ ബാക്കിയുണ്ടായിരുന്നു.

നേരത്തെ,ക്രിക്കറ്റിന്റ പേരിലെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ താന്‍ തമാശമാത്രമാണ് ഉദ്ദേശിച്ചതെന്ന് അവര്‍ വിശദീരിക്കുകയും ചെയ്തു.

നേരത്തെ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയ പരാജയത്തില്‍ പാക് ഇതിഹാസ താരം ഷൊയ്ബ് അക്തര്‍ അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ”വിഭജനത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഞങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്തുകാണും. പക്ഷെ അവരുടെ ബെസ്റ്റിന് പോലും പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്നില്ല” അക്തര്‍ പറഞ്ഞു.

”ഇതാദ്യമായാണ് ഉപഭൂഖണ്ഡം മൊത്തം, പാക്കിസ്ഥാനികളും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും ഇന്ത്യയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ലെന്നാണ് തോല്‍വി കാണിച്ചു തരുന്നത്” അക്തര്‍ പറഞ്ഞു. കഴിഞ്ഞ കളിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ നാലാമതെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഇംഗ്ലണ്ട് ജയിച്ചതോടെ വീണ്ടും നാലാമതെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook