ലണ്ടന്‍: സൂപ്പര്‍ ഓവറും ടൈ ആയ മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ലോകകപ്പ് നഷ്ടമാകുമ്പോള്‍ ന്യൂസിലന്‍ഡിന്റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത അത്ര വേദനയായിരിക്കും അനുഭവിച്ചിട്ടുണ്ടാവുക. ആ വേദനയുടെ തീവ്രതയത്രയും വിളിച്ചു പറയുന്നതായിരുന്നു ജിമ്മി നീഷമിന്റെ ട്വീറ്റ്.
മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ടിനെ അഭിനന്ദിച്ചു കൊണ്ട് നീഷം ട്വീറ്റ് ചെയ്തു. ഫലം വേദനിപ്പിക്കുന്നതാണെന്നും അടുത്ത ഒരു പത്ത് വര്‍ഷത്തില്‍ ആ അവസാന ഓവര്‍ ഓര്‍ക്കാത്ത ഒരു ദിവസമെങ്കിലും ഉണ്ടാകട്ടെയെന്നായിരുന്നു നീഷമിന്റെ ട്വീറ്റ്. പിന്നാലെ ആരാധകരുടെ പിന്തുണയ്ക്ക് താരം നന്ദി പറഞ്ഞു. ഒപ്പം പ്രതീക്ഷ കാക്കാന്‍ കഴിയാത്തതില്‍ ക്ഷമയും ചോദിച്ചു താരം.
That hurts. Hopefully there’s a day or two over the next decade where I don’t think about that last half hour. Congratulations @ECB_cricket , well deserved.
— Jimmy Neesham (@JimmyNeesh) July 14, 2019
പിന്നെയായിരുന്നു താരത്തിന്റെ സകല വിഷമവും പുറത്ത് വന്ന ട്വീറ്റ്. അതില്‍ കുട്ടികള്‍ക്കുള്ള ഉപദേശമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെയായിരുന്നു നീഷമിന്റെ ട്വീറ്റ്.
Thank you to all the supporters that came out today. We could hear you the whole way. Sorry we couldn’t deliver what you so badly wanted.
— Jimmy Neesham (@JimmyNeesh) July 15, 2019
”കുട്ടികളേ, നിങ്ങള്‍ കായിക താരങ്ങളാകരുത്. ബേക്കിങ്ങോ മറ്റോ തിരഞ്ഞെടുക്കുക. സന്തോഷത്തോടെ ജീവിച്ച് 60-ാം വയസില്‍ മരിക്കുക”.
Kids, don’t take up sport. Take up baking or something. Die at 60 really fat and happy.
— Jimmy Neesham (@JimmyNeesh) July 15, 2019
ലോര്‍ഡ്‌സില്‍ ന്യൂസിലന്‍ഡ് ഒഴുക്കിയ കണ്ണീരിന്റെ കനമുണ്ടായിരുന്നു നീഷമിന്റെ ആ ട്വീറ്റിന്. അതുകൊണ്ട് തന്നെ താരത്തെ ആശ്വസിപ്പിക്കാന്‍ ആരാധകര്‍ ഓടിയെത്തി. തങ്ങള്‍ക്ക് നിങ്ങള്‍ തോറ്റ് പോയവനല്ലെന്നും നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ആരാധകര്‍ താരത്തിന് മറുപടി നല്‍കി.