scorecardresearch
Latest News

വെറുതെയായ ബ്രാത്ത്‌വൈറ്റ് വീര്യം; വിൻഡീസിനെതിരെ കിവികൾക്ക് അഞ്ച് റൺസ് ജയം

സെഞ്ചുറി നേടിയ ബ്രാത്ത്‌വൈറ്റിന്റെ ഒറ്റയാൾ പോരാട്ടം ജയത്തിന് അഞ്ച് റൺസ് അകലെ അവസാനിക്കുകയായിരുന്നു

വെറുതെയായ ബ്രാത്ത്‌വൈറ്റ് വീര്യം; വിൻഡീസിനെതിരെ കിവികൾക്ക് അഞ്ച് റൺസ് ജയം

നായകൻ കെയ്ൻ വില്യംസണിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ന്യൂസിലൻഡിന് ജയം. 292 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് നിരയിൽ ക്രിസ് ഗെയ്‌ലും, ഹെറ്റ്മയറും, ബ്രാത്ത്‌വൈറ്റും ഒഴികെ മറ്റാർക്കും തിളങ്ങാനാകാതെ വന്നതോടെ വിൻഡീസ് ഇന്നിങ്സ് 286 റൺസിന് അവസാനിച്ചു.

കിവിസിന്റേതിന് സമാനമായിരുന്നു വിൻഡീസിന്രെയും തുടക്കം. ടീം സ്കോർ മൂന്നിൽ എത്തിയപ്പോഴേക്കും ഷായി ഹോപ്പ് പുറത്ത്, പിന്നാലെ തന്നെ നിക്കോളാസ് പൂറാനും. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്രിസ് ഗെയ്ൽ ഷിമ്രോൻ ഹെറ്റ്മയഞ്ഞ സഖ്യം വിൻഡീസിന് പ്രതീക്ഷ നൽകി. മികച്ച റൺറേറ്റിൽ ബാറ്റ് വീശിയ സഖ്യം കരീബിയൻ പടയ്ക്ക് അനായാസം ജയം സമ്മാനിക്കുമെന്ന് വരെ തോന്നിപ്പിച്ചു.

സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പിരിച്ചത് ഫെർഗ്യൂസൻ ആയിരുന്നു. അടുത്ത പന്തിൽ തന്നെ നായകൻ ഹോൾഡറെ മടക്കി ഫെർഗ്യൂസന്റെ രണ്ടാം പ്രഹരം. പിന്നാലെ എത്തിയ കാർലോസ് ബ്രാത്ത്‌വൈറ്റ് ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുക്കും മുമ്പ് ഗെയ്ലും മടങ്ങി. പിന്നെ കണ്ടത് ബ്രാത്ത്‌വൈറ്റിന്റെ ഒറ്റയാൾ പോരാട്ടം. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും അയാൾ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ പത്താമനായി 49-ാം ഓവറിന്റെ അവസാന പന്തിൽ ബ്രാത്ത്‌വൈറ്റിനെ വീഴ്ത്തി നീഷാം വിൻഡിസ് തകർച്ച പൂർണമാക്കി.

മൂന്ന് താരങ്ങളുടെ പ്രകടനം ഒഴിച്ച് നിർത്തിയാൽ വിൻഡീസ് ബാറ്റിങ് നിര കൈകഴുകി മടങ്ങുകയായിരുന്നു. ബ്രാത്ത് വൈറ്റ് 82 പന്തിൽ 101 റൺസ് നേടിയപ്പോൾ 45 പന്തിൽ 54 റൺസായിരുന്നു ബ്രാത്ത്‌വൈറ്റിന്റെ സമ്പാദ്യം. 84 പന്തുകൾ നേരിട്ട ഗെയ്ൽ 87 റൺസ് നേടുകയും ചെയ്തു. വിൻഡീസ് നിരയിലെ നാല് വിക്കറ്റുകൾ വീഴ്ത്തി ട്രെന്റ് ബോൾട്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോക്കി ഫെർഗ്യൂസൺ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് കിവികൾ സ്വന്തമാക്കിയത്. കിവികൾക്ക് വേണ്ടി നായകൻ കെയ്ൻ വില്യംസൺ സെഞ്ചുറിയും റോസ് ടെയ്‌ലർ അർധസെഞ്ചുറിയും നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാർ പുറത്തായതോടെ തകർച്ചയിലേക്ക് എന്ന് തോന്നിച്ച കിവികളെ ഇരുവരും ചേർന്ന് കരകയറ്റുകകയായിരുന്നു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു വിൻഡീസിന് വേണ്ടി ബോളിങ് ഓപ്പൻ ചെയ്യാനെത്തിയ ഷെൽഡൻ കോട്രലിന്റെ പന്തുകൾ. ആദ്യ ഓവറിൽ തന്നെ അതും നേരിട്ട ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന്റെ രണ്ട് ഓപ്പണർമാരേയും കോട്രൽ കൂടാരം കയറ്റി. ആദ്യ ഓവറിന്റെ ഒന്നാം പന്തിലും അഞ്ചാം പന്തിലുമായാണ് മാർട്ടിൻ ഗുപ്റ്റിലും കോളിൻ മുൻറോയും മടങ്ങിയത്.

കോട്രൽ ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽ നിന്ന് കരകയറാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു കിവികൾക്ക്. എന്നാൽ മൂന്നാം വിക്കറ്റി. ഒത്തുചേർന്ന് കരുതലോടെ ബാറ്റ് വീശിയ നായകൻ കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും ചേർന്ന് കിവിസ് സ്കോർബോർഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റിൽ 160 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. 95 പന്തുകളിൽ നിന്ന് 69 രൺസെടുത്ത ടെയ്‌ലറുടെ വിക്കറ്റാണ് കിവികൾക്ക് പിന്നീട് നഷ്ടമായത്. പിന്നാലെ വന്നവരും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെ നായകന്റെ പോരാട്ടം ഒറ്റക്കായി. 154 പന്തുകൾ നേരിട്ട വില്യംസൺ 148 റൺസെടുത്ത് പുറത്താവുകയായിരുന്നു.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: New zealand vs west indies world cup match 2019 report