ലോകകപ്പ് ചരിത്രത്തിൽ ആറ് തവണ സെമിഫൈനലിൽ തോറ്റ് പുറത്തായ ന്യൂസിലൻഡിന് സ്വന്തം നാട്ടിൽ 2015ൽ നടന്ന ലോകകപ്പിൽ ഫൈനലിൽ എത്താൻ സാധിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയക്ക് മുന്നിൽ കലാശ പോരാട്ടത്തിൽ കിരീടം കൈവിട്ട ന്യൂസിലൻഡ് ഇത്തവണ കിരീടം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യക്കെതിരെ സന്നാഹ മത്സരത്തിൽ നേടിയ വിജയം ആത്മവിശ്വാസം പകരുന്നു. മറുവശത്ത് ശ്രീലങ്കയാകട്ടെ സമീപകാലത്തെ കളത്തിലേയും കളത്തിന് പുറത്തേയും ചീത്തപേരുകൾ ലോകകപ്പ് വേദിയിൽ മായിച്ച് കളയാമെന്ന പ്രതീക്ഷയിലും.
കാർഡിഫിലെ സോഫിയ ഗാർഡൻസിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും.
Also Read: എറിഞ്ഞ് വീഴ്ത്തി ഓഷേൻ, അടിച്ച് തീർത്ത് ഗെയ്ൽ; പച്ചതൊടാതെ പാക്കിസ്ഥാൻ
കഴിഞ്ഞ ലോകകപ്പിന് ശേഷവും കിവികളുടെ വീര്യത്തിൽ കാര്യമായ കുറവൊന്നും സംഭവിച്ചട്ടില്ല. എന്നാൽ സ്വന്തം നാട്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും ഏറ്റുവാങ്ങിയ പരമ്പര തോൽവികൾ ടീമിന്റെ ദുർബലത വെളിപ്പെടുത്തുന്നു. എന്നാൽ അവശ്യാനുസരണം കഴിവ് തെളിയിക്കാൻ സാധിക്കുന്ന താരങ്ങൾ ടീമിന് മുതൽക്കൂട്ട് തന്നെയാണ്.
നായകൻ കെയ്ൻ വില്യംസൺ തന്നെയാണ് ടീമിന്റെ പ്രധാന ബാറ്റിങ് കരുത്തുകളിൽ ഒന്ന്. കഴിഞ്ഞ ലോകകപ്പിൽ കിവികളെ കപ്പിനടുത്ത് വരെയെത്തിച്ച വില്യംസണിന്റെ നായകമികവ് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഓപ്പം റോസ് ടെയ്ലർ, മാർട്ടിൻ ഗുപ്റ്റിൽ എന്നിവരുടെ അനുഭവ സമ്പത്ത് കൂടിയാകുമ്പോൾ ബാറ്റിങ് നിര ശക്തമാകും. ഇന്ത്യയെ ചെറിയ സ്കോറിലെത്തിക്കുകയും വിൻഡീസിനെ നാനൂറിലധികം റൺസ് വിട്ടുനൽകുകയും ചെയ്ത ബോളിങ് നിര ന്യൂസിലൻഡിന് വെല്ലുവിളിയാണ്. ട്രെന്റ് ബോൾട്ടും, ഇഷ് സോധിയും നയിക്കുന്ന ബോളിങ് നിര സ്ഥിരത പുലർത്തേണ്ടത് അത്യവശ്യമാണ്.
Also Read: സിക്സ് വേട്ടയിലും ഗെയ്ലാട്ടം; ലോകകപ്പ് വേദിയിൽ റെക്കോർഡ് നേട്ടവുമായി വിൻഡീസ് താരം
ശ്രീലങ്കയാകട്ടെ ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്നത്. സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പുതിയ നായകൻ ദിമുത്ത് കരുണരത്നെയുടെ തന്ത്രങ്ങൾ എത്രത്തോളം വിജയിക്കുമെന്ന കത്തിരുന്ന് തന്നെ കാണണം. ഓൾറൗണ്ടർമാരുടെ മികവിലാകും ശ്രീലങ്കയുടെ പ്രകടനം. തിസാര പെരേരയും എഞ്ജലോ മത്യൂസുമെല്ലാം താളം കണ്ടെത്തിയാൽ ശ്രീലങ്കക്ക് ഏറെ ആശ്വാസമാകും.
Also Read: കരീബിയൻ കാറ്റിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ; പാക് പടയ്ക്ക് നാണംകെട്ട റെക്കോർഡ്
ലസിത് മലിംഗയെന്ന തീപ്പൊരി പേസറാണ് ബോളിങ്ങിൽ ഇപ്പോഴും ദ്വീപുകരുടെ കുന്തമുന. പോയ കാലത്തിന്റെ പ്രതാപമില്ലെങ്കിലും ക്ഷീണം സംഭവിച്ചട്ടില്ല ലസിത് മലിംഗക്ക്. ജെഫ്രി വാണ്ടർസെയും സുറംഗ ലാക്മാലും കൂട്ടിന് എത്തുന്നതോടെ എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ ശ്രീലങ്കക്കും സാധിക്കും.