ലോകകപ്പിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച രണ്ട് ടീമുകൾ നേർക്കുനേർ വരുന്ന മത്സരമെന്ന പ്രത്യേകതയുണ്ട് നാളെ നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് പോരാട്ടത്തിന്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ന്യൂസിലൻഡ് മൂന്നാം സ്ഥാനക്കാരായ ഇന്ത്യയെ നേരിടുമ്പോൾ ജയം മാത്രമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. നാളെ ജയിക്കാനായാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനും ഇന്ത്യക്ക് സാധിക്കും. ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതിരിക്കാനും നേടിയെടുക്കാനുമുള്ള മത്സരത്തിന് വാശിയേറുമെന്ന് ഉറപ്പാണ്. അതിനുള്ള ഒരുക്കങ്ങളും അണിയറയിൽ സജീവം.

Also Read: ICC World Cup Point Table: മഴ കളിക്കുമ്പോൾ പോയിന്റ് പങ്കുവച്ച് ടീമുകൾ; മുന്നിൽ കിവികൾ തന്നെ, ഇന്ത്യ മൂന്നാമത്

വ്യത്യസ്തമായ പരിശീലനം നടത്തിയാണ് ന്യൂസിലൻഡ് താരങ്ങൾ ഇന്നലെ സമയം ചെലവഴിച്ചത്. മഴമൂലം പരിശീലനത്തിനിറങ്ങാൻ ഇരു ടീമുകൾക്കും ഇന്നലെ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ താരങ്ങൾ തീരുമാനിച്ചത്. ക്രിക്കറ്റും ടെന്നീസും കൂടെ ക്ലബ്ബ് ചെയ്തുകൊണ്ടുള്ള പരിശീലനമാണ് ന്യൂസിലൻഡ് താരങ്ങളായ ജിമ്മി നീഷാമും മിച്ചൽ സാന്റനറും ഇന്നലെ നടത്തിയത്. പ്രെഫഷണൽ ടെന്നീസ് താരങ്ങളായ ഹെയ്തർ വാട്സണും അജ്‌ല ടോംജനോവിച്ച് എന്നിവരോടൊപ്പമാണ് താരങ്ങൾ പരിശീലനം നടത്തിയത്.

ന്യൂസിലൻഡ് ക്രിക്കറ്റ് ടീം തന്നെയാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ടെന്നീസ് താരങ്ങളുടെ തകർപ്പൻ സെർവുകാൾ പറത്തുന്ന ജിമ്മി നീഷാമിനെയും മിച്ചൽ സാന്രനറെയും വീഡിയോയിൽ കാണാം. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പന്തുകൾ നേരിടുന്നതിന് വേണ്ടിയാണ് ന്യൂസിലൻഡ് താരങ്ങളുടെ ഇത്തരത്തിലുള്ള പരിശീലനമെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച കിവീസിന്റെ പോയിന്റ് സമ്പാദ്യം 6 ആണ്. ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് ന്യൂസിലൻഡ് പരാജയപ്പെടുത്തിയതെങ്കിൽ അഫ്ഗാനെതിരായ മത്സരത്തിൽ കിവികളുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. ബോളിങ് തന്നെയാണ് ന്യൂസിലൻഡ് ടീമിന്റെ പ്രധാന കരുത്ത്. +2.163 നെറ്റ് റൺറേറ്റുമായാണ് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുള്ളത്.

ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെയും ഓസ്ട്രേലിയക്കെതിരേയും ആധികാരിക ജയം സ്വന്തമാക്കിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനും ഓസ്ട്രേലിയയെ 36 റൺസിനുമാണ് ഇന്ത്യ കീഴ്പ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook