scorecardresearch
Latest News

വാര്‍ണറുടെ അടി തലയില്‍ കൊണ്ട് ഇന്ത്യന്‍ വംശജനായ ബോളര്‍ക്ക് പരുക്ക്

സംഭവത്തില്‍ വാര്‍ണര്‍ ആകെ ഉലഞ്ഞു പോയിരുന്നുവെന്നു ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്

വാര്‍ണറുടെ അടി തലയില്‍ കൊണ്ട് ഇന്ത്യന്‍ വംശജനായ ബോളര്‍ക്ക് പരുക്ക്

ഓവല്‍: പരിശീലനത്തിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അടിച്ചുവിട്ട പന്ത് തലയില്‍ കൊണ്ട് നെറ്റ് ബോളര്‍ക്ക് പരുക്ക്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പരിശീലനത്തിനിടെയായിരുന്നു സംഭവം. ഇതോടെ പരിശീലനം അല്‍പ്പ നേരത്തേക്ക് നിര്‍ത്തിവച്ചിരുന്നു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബോളറായ ജയ് കിഷനാണ് പന്ത് കൊണ്ടത്. വാര്‍ണറുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ പന്ത് തലയില്‍ കൊള്ളുകയായിരുന്നു. ഇതോടെ താരം നിലത്ത് വീണു. ടീമിന്റെ മെഡിക്കല്‍ ടീം ഉടനെ അവിടെയെത്തി താരത്തിന് വേണ്ട ശുശ്രൂഷ നല്‍കി. ഓസീസ് താരങ്ങളെല്ലാവരും ഈ സമയം ജയ് കിഷനൊപ്പമെത്തിയിരുന്നു. താരത്തിന്റെ ആരോഗ്യ നിലയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

തലയ്ക്ക് പരുക്കേറ്റതിനാല്‍ ജയ് കിഷനെ 24 മണിക്കൂര്‍ നിരീക്ഷിക്കും. സംഭവത്തില്‍ വാര്‍ണര്‍ ആകെ ഉലഞ്ഞു പോയിരുന്നുവെന്നും താരം ആരോഗ്യവാനാണെന്ന് പ്രതീക്ഷിക്കുന്നതായും ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. ജയ് കിഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്. ഇന്ത്യന്‍ നിരയില്‍ ഇന്ന് മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.

വിരാട് കോഹ്ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഓസീസിന് മുന്നില്‍ അത്ര നല്ല റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ ഇതുവരെ പതിനൊന്നു തവണ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു തവണയും കങ്കാരുക്കളായിരുന്നു വിജയിച്ചത്. മത്സരം നടക്കേണ്ട ഓവലില്‍ ഞായറാഴ്ച വൈകിട്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മത്സരദിവസം ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യത കൂടുതലാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടനില്‍ എത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും വെള്ളിയാഴ്ച ആദ്യ പരിശീലനം നടത്താനായില്ല. മഴ കനത്തതോടെ അധികൃതര്‍ ഗ്രൗണ്ട് മൂടി. ഇതോടെ ഹോട്ടല്‍ മുറിയില്‍ സമയം കളയുകയായിരുന്നു താരങ്ങള്‍.
ഓസ്ട്രേലിയന്‍ ടീമിനും പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ചയും മഴ തുടരുകയാണെങ്കില്‍ ഓവലിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നാണ് അറിയുന്നത്. മഴ ശക്തമായാല്‍ ഇന്ത്യ – ഓസ്ട്രേലിയ മത്സരം തടസപ്പെടുമെന്ന് വ്യക്തമാണ്.

പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ മഴ ആയതിനാല്‍ പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചു. ഗ്രൌണ്ട് മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമയം 8.15 ഓടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Net bowler hospitalised after getting hit on head by david warners shot