ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീം. വിൻഡീസിനെ കീഴ്പ്പെടുത്തി സെമിയിലേക്ക് ഒരുപടി കൂടെ അടുത്ത ഇന്ത്യക്ക് അടുത്ത മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാലും സെമിയിൽ പ്രവേശിക്കാം. ഇന്ത്യൻ ജയങ്ങളിൽ നിർണായകമാകുന്നത് ബോളിങ് നിരയുടെ പ്രകടനമാണ്. ജസ്പ്രീത് ബുംറയെന്ന മുഖവുമായി ലോകകപ്പിലെത്തിയ ഇന്ത്യൻ ബോളിങ് സംഘത്തിൽ എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലൂടെ ഇന്ത്യൻ ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ് മുഹമ്മദ് ഷമിയെന്ന പേസർ.

ഭുവനേശ്വർ കുമാർ ഇന്ത്യയുടെ ഓപ്പണർ ബൗളർ ആയപ്പോഴെല്ലാം സൈഡ് ബെഞ്ചിലായിരുന്നു ഈ താരത്തിന്റെ സ്ഥാനം. എന്നാൽ ഭുവിക്ക് പരിക്കേറ്റതോടെ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ച ഷമി തനിക്ക് ലഭിച്ച രണ്ട് അവസരങ്ങളും നന്നായി വിനയോഗിച്ചു. റൺസ് വിട്ടുനൽകുന്നതിലെ പിശുക്കും വിക്കറ്റെടുക്കുന്നതിലെ ധാരാളിത്തവും കൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്നു ഷമി.

അഫ്ഗാനിസ്ഥാൻ ഇന്ത്യയെ വിറപ്പിച്ച മത്സരത്തിൽ അവസാന ഓവറിലെ ഹാട്രിക് പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഷമി തന്നെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും ഇന്ത്യൻ ബോളിങ്ങിൽ നിർണായകമായത്. അഫ്ഗാനിസ്ഥാനെതിരെ 9.5 ഓവറെറിഞ്ഞ ഷമി 40 റൺസ് വിട്ടു നൽകി നാല് വിക്കറ്റുകൾ സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെ വിജയത്തിലേക്ക് നയിക്കാൻ അരയും തലയും മുറുക്കി നിന്ന നബിയെ ഉൾപ്പടെയാണ് അന്ന് നബിയുടെ ഉൾപ്പടെ നിർണായകമായ വിക്കറ്റുകളാണ് നിർണായക ഘട്ടത്തിൽ ഷമി വീഴ്ത്തിയത്.

വെസ്റ്റ് ഇൻഡീസിനെതിരെ നിറഞ്ഞാടിയ ഷമിയായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതും അവസാനിപ്പിച്ചതും. 6.2 ഓവറിൽ 16 റൺസ് വിട്ടുനൽകിയ ഷമി ഇത്തവണയും വീഴ്ത്തി നാല് വിക്കറ്റുകൾ. വിൻഡീസ് നിരയിലെ വെടിക്കെട്ട് താരങ്ങളെയെല്ലാം കൂടാരം കയറ്റിയത് ഷമി തന്നെയായിരുന്നു. ക്രിസ് ഗെയ്ൽ, ഷായി ഹോപ്പ്, ഷിമ്രോൺ ഹെറ്റ്മയർ, ഓഷേൻ തോമസ് എന്നിവരുടെ വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. കരിയറിലെ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് ഷമി വെസ്റ്റ് ഇൻഡീസിനെതിരെ പുറത്തെടുത്തത്.

Also Read: ആദിയും അന്തവുമായി ഷമി: അഫ്ഗാനെ തകർത്ത ഹാട്രിക്

ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങളിലും ഇന്ത്യൻ പ്രകടനത്തിൽ മുഹമ്മദ് ഷമി പ്രധാന പങ്കുവഹിക്കുമെന്നാണ് ആരാധകരുടെ വാദം. അതുകൊണ്ട് തന്നെ ഭുവനേശ്വർ പരിക്കിൽ നിന്ന് മുക്തനായാലും ഷമിയെ ടീമിൽ നിലനിർത്തണമെന്നും അഭിപ്രായപ്പെടുന്നു. നിലവിൽ താളം കണ്ടെത്തിയിരിക്കുന്ന ഷമിയെ പ്ലെയിങ് ഇലവനിൽ നിന്ന് മാറ്റുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നു.

അഫ്ഗാനിസ്ഥാനെതിരെ തോൽവിയുടെ പടുകുഴിയിൽ നിന്ന് അവസാന ഓവറിൽ നേടിയ ഹാട്രിക്കിലൂടെ ഷമി ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമയും ഷമി മാറി. 1987ൽ ചേതൻ ശർമ്മയാണ് ഇതിന് മുമ്പ് ഇന്ത്യൻ കുപ്പായത്തിൽ ഹാട്രിക് നേടിയ ഏക വ്യക്തി. 22 വർഷങ്ങൾക്കിപ്പുറം ആ പട്ടികയിൽ തന്റെ പേരുകൂടെ എഴുതി ചേർത്തിരിക്കുകയാണ് ഷമി. ആകെ ഒമ്പത് താരങ്ങൾ മാത്രമാണ് ലോകകപ്പിൽ ഹാട്രിക് നേടിയിരിക്കുന്നത്.

വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ച ഇന്ത്യ ലോകകപ്പ് സെമിയും ഏകദേശം ഉറപ്പിച്ചു. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുൽദീപ് യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ. നിർണായക ഘട്ടത്തിൽ അർധസെഞ്ചുറി പ്രകടനം പുറത്തെടുത്ത നായകൻ കോഹ്‌ലിയാണ് കളിയിലെ താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook