മാഞ്ചസ്റ്റര്‍: ഇന്ത്യയുയര്‍ത്തിയ 269 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 107 റണ്‍സ് എടുക്കുമ്പോഴേക്കും അഞ്ച് പേരെ നഷ്ടമായിരുന്നു. സര്‍വ്വ പ്രതീക്ഷയും ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് തിളങ്ങണം. ബുംറയുടെ പന്ത് ബ്രാത്ത് വെയ്റ്റിന്റെ ബാറ്റില്‍ കൊണ്ട് പിന്നിലേക്ക് നീങ്ങി. തന്റെ വലതു വശത്തേക്ക് ചാടി ധോണി ഒറ്റക്കൈയ്യില്‍ പന്ത് ക്യാച്ച് ചെയ്തു. വിന്‍ഡീസിന്റെ സര്‍വ്വ പ്രതീക്ഷയും അവസാനിച്ച നിമിഷമായിരുന്നു അത്. അഞ്ച് പന്തില്‍ ഒരു റണ്‍സുമായി ബ്രാത്ത് വെയ്റ്റ് പുറത്ത്.

ഇനി കുറച്ച് പിന്നിലേക്ക്. പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം. ഒമ്പതാം ഓവറിലെ അവസാന പന്ത്. എറിയുന്നത് ഷഹീന്‍ അഫ്രീദിയാണ്. ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്റ്റമ്പിന് പിന്നിലേക്ക്. ഫസ്റ്റ് സ്ലിപ്പിലേക്ക് ചാടി സര്‍ഫ്രാസ് പന്ത് പിടിയിലൊതുക്കി. മത്സരത്തിലെ പ്ലെ ഓഫ് ദ ഡേ സ്വന്തമാക്കിയതും ഈ ക്യാച്ചായിരുന്നു.

ഇരുവരുടെയും ക്യാച്ചുകളുടെ വീഡിയോ പങ്കുവച്ച് ഐസിസി തന്നെ ആരാധകരോട് ചോദിക്കുന്നത് ഇവരില്‍ ആരുടെ ക്യാച്ചാണ് കേമം എന്നാണ്. അതേസമയം, ആരാധകര്‍ തമ്മിലുള്ള തര്‍ക്കവും ശക്തമാണ്. ധോണിയുടെ ക്യാച്ചാണ് കലക്കിയതെന്ന് ചിലര്‍ പറയുന്നു. അതല്ല സര്‍ഫ്രാസിന്റേതാണെന്ന് മറ്റു ചിലര്‍. ഇതിനിടെ ധോണിയുടെ ഫിറ്റ്‌നസിനെ പുകഴ്ത്തുകയും സര്‍ഫ്രാസിന്റെ ഫിറ്റ്‌നസിനെ പരിഹസിക്കുകയും ചെയ്യുന്നവരുമുണ്ട്.

അതേസമയം, ലോകകപ്പിൽ അപരാജിത കുതിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയുടെ അരികിലാണ്. വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് സെമി ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook