മാഞ്ചസ്റ്റര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ തവണ ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ നയിച്ചിരുന്ന എംഎസ് ധോണി ഇന്ന് ഇറങ്ങുന്നത് പുതിയൊരു റെക്കോര്‍ഡ് മുന്നില്‍ കണ്ടാണ്.

സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറി കടക്കാനുള്ള അവസരമാണ് ധോണിക്കിത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന ദ്രാവിഡിന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ധോണിക്ക് ഇന്നാകും. ധോണിയും ദ്രാവിഡും 340 മത്സരങ്ങളാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ 461 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമായ ധോണി ഇന്ത്യയ്ക്ക് ഏകദിന-ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടി തന്ന നായകനാണ്.

Read More: ‘ഈ വിജയം നിനക്കുള്ളത്’;പാക്കിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് സന്തോഷം

ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാകിസ്താന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.

ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്ലിയും ധോണിയുമെല്ലാം പാക് ബൌളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

Also Read: India vs Pakistan Live Score: ടോസ് പാക്കിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, വിജയ് ശങ്കർ ടീമിൽ

മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് അമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനായില്ലെങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook