ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിൽ എം.എസ്.ധോണി തിളങ്ങിയിരുന്നു. സെഞ്ചുറി നേടിയാണ് ധോണി കളം വിട്ടത്. 78 ബോളുകളിൽനിന്നും 113 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിനിടയിൽ രസകരമായൊരു സംഭവമുണ്ടായി. ബംഗ്ലാദേശിന്റെ ഫീൽഡിങ്ങിൽ ധോണി ഇടപെട്ട് ശരിയാക്കുകയായിരുന്നു. ഫീൽഡിങ് പൊസിഷനിൽ അല്ലാതെ നിന്നിരുന്ന ബംഗ്ലാദേശ് കളിക്കാരനെയാണ് ധോണിയുടെ ഇടപെടൽമൂലം മാറ്റിയത്. മറ്റു ബാറ്റ്സ്മാന്മാർ ആരും ഇങ്ങനെ ചെയ്തിട്ടില്ലെന്നാണ് ക്രിക്കറ്റ് ലോകത്തെ ചിലർ പറയുന്നത്.
മത്സരത്തിലെ 40-ാം ഓവറിലായിരുന്നു ധോണി കളിക്കാരനെ മാറ്റാൻ ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് ബോളർ സാബിർ റഹ്മാൻ ബോളിങ്ങിന് എത്തിയപ്പോഴായിരുന്നു ധോണി ഫീൽഡറെ മാറ്റാൻ ആവശ്യപ്പെട്ടത്. സാബിർ ബോളെറിയാൻ തുടങ്ങവേ മിഡിൽ ഭാഗത്ത് പൊസിഷനിൽ അല്ലാതെ നിൽക്കുകയായിരുന്ന ഫീൽഡറെ മാറ്റാൻ ധോണി ആവശ്യപ്പെടുകയായിരുന്നു. എല്ലാവരെയും അതിശയപ്പെടുത്തിക്കൊണ്ട് ബോളർ ധോണിയുടെ വാക്കുകൾ അനുസരിച്ചെന്നപോലെ ഫീൽഡറോട് മാറാൻ ആവശ്യപ്പെട്ടു.
Read: ബംഗ്ലാദേശിനെ വീഴ്ത്തി വീര്യത്തോടെ മുന്നോട്ട്; ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കം
എതിർ ടീമിന്റെ ഫീൽഡിങ് പൊസിഷനിലെ തെറ്റ് ചൂണ്ടിക്കാണിച്ചു കൊടുത്ത ധോണിയുടെ പ്രവൃത്തിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ എത്തിയിട്ടുണ്ട്. എതിർ ടീമിനെ പോലും സഹായിക്കുന്ന താരമാണ് ധോണിയെന്നും ലോകകപ്പിലെ മനോഹര നിമിഷങ്ങളിലൊന്നാണ് ഇതെന്നും ചിലർ പറയുന്നു.
RT abhymurarka: In yesterday's warm-up match, Dhoni stopped bowler Sabbir Rahman and advised him to move his fielder from wid-wicket to square leg in the 40th over. The bowler agreed.
That's the level of involvement he brings to his game.#Captain pic.twitter.com/qfIrWns6OK— Equity Tracker (@moneyzs786) May 29, 2019
ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ 95 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 264 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറിക്കരികില്‍ വീണ മുഷ്ഫിക്കര്‍ റഹിമും (90) ഓപ്പണര്‍ ലിന്റൺ ദാസും (70) പൊരുതി നോക്കിയെങ്കിലും ബംഗ്ലാദേശിന് വിജയിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കം പതറിയെങ്കിലും കെ.എല്‍.രാഹുല്‍ ക്രീസിലെത്തിയതോടെ കളിയുടെ ഗിയര്‍ മാറി. ഒടുവില്‍ എം.എസ്.ധോണിയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കൂടിയായപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. മൂന്നാമനായി വിരാട് കോഹ്‌ലി എത്തിയെങ്കിലും ടീം സ്കോറിങ്ങിന്റെ വേഗതയിൽ കാര്യമായ മാറ്റമുണ്ടായില്ല. ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നേടാനായത് 34 റൺസ് മാത്രമാണ്.
നാലാം സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുന്ന ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. 46 പന്തിൽ നിന്ന് 47 റൺസുമായി കോഹ്‌ലിയും അധികം വൈകാതെ വിജയ് ശങ്കറും മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകർച്ചയിലേക്കെന്ന സൂചന ലഭിച്ചു. ഏഴ് പന്തിൽ നിന്ന് രണ്ട് രൺസുമായാണ് വിജയ് ശങ്കർ കളം വിട്ടത്. ഇതോടെ 102 റൺസിൽ ഇന്ത്യക്ക് ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായി.
പിന്നീട് വിക്കറ്റ് കാക്കുന്ന ഉത്തരവാദിത്വം പരിചയസമ്പന്നനായ മുൻനായകൻ ധോണി ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോറിങ് വേഗതയിൽ മാറ്റം വന്നു തുടങ്ങി. റൺറേറ്റ് ഉയരുകയും ചെയ്തു. പിന്നീട് രാഹുലിനൊപ്പം ധോണിയും ചേർന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്കും നീങ്ങി. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. പിന്നീട് ഹാർദിക്കിനെ കൂട്ടുപിടിച്ചായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. 78 പന്തിൽ 113 റൺസെടുത്ത ധോണിയെ അവസാന ഓവറിൽ ഷക്കിബ് അൽ ഹസൻ പുറത്താക്കുകയായിരുന്നു. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങസ്. അവസാന ഓവറിൽ ജഡേജയും തകർത്തടിച്ചതോടെ ഇന്ത്യ 359 റൺസെന്ന സ്കോറിലെത്തുകയായിരുന്നു.