ലോകകപ്പിൽ അട്ടിമറി തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ബോളിങ് നിരയുടെ മിന്നും പ്രകടനമാണ്. അവസാന ഓവറിൽ പോലും ജയം ഉറപ്പിച്ച് ക്രീസിൽ ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചത് 50-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു. തകർപ്പൻ ബാറ്റിങ്ങുമായി അഫ്ഗാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന മുഹമ്മദ് നബിയെ ഹാർദിക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ച ഷമി അടുത്ത രണ്ട് പന്തുകളിലും വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
അവസാന ഓവറിൽ മുഹമ്മദ് ഷമിയെ പന്തേൽപ്പിച്ച നായകൻ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആദ്യ പന്ത് ബൗണ്ടറി പായിച്ച് നബി ഏവരെയും ഞെട്ടിച്ചു. അടുത്ത പന്തിൽ വീണ്ടും നബി ആഞ്ഞടിച്ചതോടെ ഷമി സമ്മർദ്ധത്തിലായി. ഈ സമയം ബോളറുടെ അടുത്തേക്ക് ഓടിയെത്തിയ ധോണി കുറച്ച് ടിപ്പുകൾ ഷമിയ്ക്ക് നൽകുന്നത് കാണാമായിരുന്നു. അത് ഗുണം ചെയ്യുകയും ചെയ്തു. അടുത്തടുത്ത മൂന്ന് പന്തുകളിൽ മൂന്ന് അഫ്ഗാൻ ബോളർമാരെയും കൂടാരം കയറ്റി ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് വിജയവും.
തുടക്കത്തിൽ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കും തുടക്കം കുറിച്ചത് ഷമിയായിരുന്നു. ഏഴാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന ഹസ്രത്തുള്ള സസായിയുടെ വിക്കറ്റ് തെറിപ്പിച്ച് ഇന്ത്യക്ക് പ്രതീക്ഷയുടെ ആദ്യ കണിക സമ്മാനിച്ച ഷമി തന്നെ അവസാന ഓവറിൽ മുഹമ്മദ് നബിയെയും അഫ്താബ് അലാമിനെയും മുജീബ് ഉർ റഹ്മാനെയുമാണ് മുഹമ്മദ് ഷമി പുറത്താക്കിയത്.
ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമയും ഷമി മാറി. 1987ൽ ചേതൻ ശർമ്മയാണ് ഇതിന് മുമ്പ് ഇന്ത്യൻ കുപ്പായത്തിൽ ഹാട്രിക് നേടിയ ഏക വ്യക്തി. 22 വർഷങ്ങൾക്കിപ്പുറം ആ പട്ടികയിൽ തന്റെ പേരുകൂടെ എഴുതി ചേർത്തിരിക്കുകയാണ് ഷമി. ആകെ ഒമ്പത് താരങ്ങൾ മാത്രമാണ് ലോകകപ്പിൽ ഹാട്രിക് നേടിയിരിക്കുന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ ഉയർത്തിയത്. അഫ്ഗാന്റെ ബോളിങ് നിരയ്ക്കും ഫീൾഡിങ് തന്ത്രങ്ങൾക്കും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി കീഴടങ്ങി. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയും കേദാർ ജാദവുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു ഘട്ടത്തിൽ അഫ്ഗാൻ ലോകകപ്പിലെ ആദ്യ അട്ടിമറിയിലേക്കെന്നുപോലും ചിന്തിപ്പിച്ചു. എന്നാൽ തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കൈ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്.നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയതോടെ ഇന്ത്യ 11 റൺസിന്റെ ജയവും സ്വന്തമാക്കി.