ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് എം.എസ്.ധോണി. ഇന്നു ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനു മുൻപായി താൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലിനു മുൻപായുളള ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നു ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. ഇതിനു മുൻപായാണ് തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി പറഞ്ഞത്.

”ഞാൻ എപ്പോൾ വിരമിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇന്നു നടക്കുന്ന മത്സരത്തിനു മുൻപായി ഞാൻ വിരമിക്കണമെന്ന് നിരവധി പേർ ആഗ്രഹിച്ചിരുന്നു,” ധോണി പറഞ്ഞതായി എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എം.എസ്.ധോണി വിരമിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത പുറത്തുവിട്ടത്.

IND vs SL Live Score: ലങ്കയിൽ പ്രാഥമിക റൗണ്ട് അവസാനിപ്പിക്കാൻ ഇന്ത്യ; ജയത്തോടെ നാട്ടിലേക്ക് മടങ്ങാൻ ശ്രീലങ്ക

‘എം.എസ്.ധോണിയുടെ കാര്യം പറയാൻ സാധിക്കില്ല. ലോകകപ്പിന് ശേഷം അദ്ദേഹം തുടരുമോ എന്നത് സംശയമാണ്. അദ്ദേഹം തുടരില്ല എന്ന് തന്നെയാണ് കരുതുന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നതുകൊണ്ട് തന്നെ നിലവിൽ ഒന്നും പ്രവചിക്കാൻ സാധിക്കില്ല’- മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പില്‍ സ്‌കോറിങ് വേഗക്കുറവിന്‍റെ പേരില്‍ എം.എസ്.ധോണിക്കെതിരെ വിമര്‍ശനം ഉയർനനിനു പിന്നാലെയാണ് വിരമിക്കൽ വാർത്തയും പുറത്തുവന്നത്. ബംഗ്ലാദേശിനെതിരെ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയാണ് ആരാധകര്‍ ആരോപണങ്ങളുമായി എത്തിയത്. ആറാമനായി 39-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന ഓവറില്‍ പുറത്തായി. നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സ് പോലും ധോണിയുടെ ഇന്നിങ്സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. സിംഗിളുകളെടുത്താണ് ധോണി ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

Read Also: ‘ബാറ്റുകള്‍ സംസാരിക്കുന്നു…’; ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് ധോണിയുടെ വിരമിക്കലിലേക്ക്

ഈ ലോകകപ്പില്‍ ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് ധോണിക്കെതിരെ നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 31 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ധോണി 42 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച ധോണിയെ വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook