ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ വാശിയേറിയ പോരാട്ടമാണ് ഇത്തവണത്തെ ലോകകപ്പ് വേദിയില്‍ കാണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് താരങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു സീരിസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് ഏതാനും മത്സരങ്ങള്‍ കഴിയുമ്പോള്‍ തകര്‍ക്കപ്പെടുക. അത് ആരായിരിക്കും ആദ്യം തകര്‍ക്കുക എന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.

ഏഴ് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ് 2019 ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഏഴ് കളികളില്‍ നിന്ന് 500 റണ്‍സാണ് വാര്‍ണറുടെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ തന്നെ ആരോണ്‍ ഫിഞ്ച് 496 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ 476 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്. ഇവരില്‍ ആരായിരിക്കും ആദ്യം സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ചോദ്യം.

Read Also: ധോണി ഫാന്‍സിന് അറിയുമോ സച്ചിന്‍ ലോകകപ്പില്‍ ‘ഇഴഞ്ഞുനേടിയ’ റണ്‍സ്?

നിലവില്‍ ഒരു ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം സച്ചിനാണ്. 2003 ലെ ലോകകപ്പിലാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യ ഫൈനല്‍ വരെ എത്തിയ ലോകകപ്പില്‍ സച്ചിന്‍ നേടിയത് 673 റണ്‍സാണ്. 11 കളികളില്‍ നിന്നാണ് ഈ നേട്ടം. ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റെങ്കിലും ടൂര്‍ണമെന്റിലെ താരം സച്ചിനായിരുന്നു. അതിനുശേഷം മൂന്ന് ലോകകപ്പുകള്‍ പൂര്‍ത്തിയായി. നാലാം ലോകകപ്പ് നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ഇതുവരെ 2003 ലെ സച്ചിന്റെ റെക്കോര്‍ഡ് തിരുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇത്തവണ അത് സംഭവിക്കുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സെമി ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്ക് ഇനി മൂന്ന് കളികള്‍ ഉണ്ട്. സെമിയിലും ജയിക്കുകയാണെങ്കില്‍ കളികളുടെ എണ്ണം നാലാകും. ഇത് ഡേവിഡ് വാര്‍ണറിനും ആരോണ്‍ ഫിഞ്ചിനും സാധ്യത നല്‍കുന്നു. ബംഗ്ലാദേശിനും മൂന്ന് കളികൾ ശേഷിക്കുന്നുണ്ട്. എന്നാൽ, സെമി കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല.

ഡേവിഡ് വാർണർ മികച്ച ഫോമിലാണ്. ആരോൺ ഫിഞ്ചും ഷാക്കിബും അങ്ങനെ തന്നെ. ഡേവിഡ് വാർണറിന് സച്ചിനൊപ്പം എത്താൻ ഇനി വേണ്ടത് 173 റൺസ് മാത്രമാണ്. ആരോൺ ഫിഞ്ചിനാകട്ടെ 177 റൺസും. നാല് കളികളിൽ നിന്ന് ഇത്രയും റൺസ് സ്വന്തമാക്കാൻ സാധിച്ചാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ 16 വർഷം പഴക്കമുള്ള റെക്കോർഡ് ഇംഗ്ലണ്ടിൽ തകർക്കപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook