കാര്‍ഡിഫ്: മഴ രസം കൊല്ലിയായി എത്തും മുമ്പ്, ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര് ഓരോരുത്തരായ വന്നത് പോലെ തിരിച്ചു മടങ്ങി കൊണ്ടിരിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്ഫാന് പഠാന് ട്വിറ്ററില്‍ ഒരു ചോദ്യം ഉന്നയിച്ചു. ‘ആരാണ് അഫ്ഗാനിസ്ഥാന് ഏറ്റവും നിര്‍ണായകം, റാഷിദ് ഖാനോ അതോ മുഹമ്മദ് നബിയോ?’. പഠാന്റെ ചോദ്യം ടി20 ക്രിക്കറ്റിന്റെ ആഘോഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന, വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞു നില്ക്കുന്ന റാഷിദ് ഖാന് എന്ന പേരു മാത്രം കേട്ടിട്ടുള്ളവര്‍ക്ക് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ അഫ്ഗാനിസ്ഥാന്റെ ലോക ക്രിക്കറ്റിന്റെ മധ്യത്തിലേക്കുള്ള യാത്രയെ കൃത്യമായി പിന്തുടരുന്നവരെ ഒട്ടും അത്ഭുതപ്പെടുത്തില്ല.
അഫ്ഗാന്റെ വളര്‍ച്ചയിലും നേട്ടങ്ങളിലുമെല്ലാം റാഷിദ് ഖാന് ആഘോഷിക്കപ്പെടേണ്ടവന് തന്നെയാണ്. അതിലൊരു തര്‍ക്കവുമില്ല. പക്ഷെ റാഷിദ് ഖാന് പിന്നിലായി പറയേണ്ടേ പേരല്ല മുഹമ്മദ് നബിയുടേത്. റാഷിദിനോളം തന്നെ ആഘോഷിക്കപ്പെടേണ്ട താരം തന്നെയാണ് മുഹമ്മദ് നബി. റാഷിദിനോളം സ്റ്റാര്‍ഡം അവകാശപ്പെടാനില്ലെങ്കിലും അഫ്ഗാന്റെ ഇതുവരെയുള്ള യാത്രകളില്‍ മുഹമ്മദ് നബിയെന്ന താരത്തിന്റെ പങ്ക് വളരെ വലുതാണ്. ടീം പിന്നിലാകുന്ന ഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് തിരികെ കൊണ്ടു വരുന്നു എന്നതാണ് നബിയെ അത്രമാത്രം അനിവാര്യനാക്കുന്നത്. അത് ബാറ്റു കൊണ്ടാണെങ്കിലും പന്തുകൊണ്ടാണെങ്കിലും. ഇന്നത്തെ മത്സരത്തിലും നബി ഒരിക്കല്‍ കൂടി അത് തെളിയിച്ചു.
Read More: ഇന്ന് കാഴ്ച്ചക്കാരന് കുസാല്‍ പെരേര; 2015 ന് ശേഷമുള്ള ഏറ്റവും മികച്ച തുടക്കം, പിന്നെ തകര്‍ന്നടിഞ്ഞു
നിര്‍ണായകമായ രണ്ട് ബ്രേക്ക് ത്രൂവാണ് നബി ഇന്ന് അഫ്ഗാന് നേടി കൊടുത്തത്. ദിമുത്ത് കരുണരത്നെയെ പുറത്താക്കി കൊണ്ടായിരുന്നു ആദ്യത്തെ ബ്രേക്ക് ത്രൂ. ഇന്ന് ശ്രീലങ്കയുടെ തുടക്കം കണ്ടപ്പോള്‍ എല്ലാവരും കരുതി ശ്രീലങ്ക തിരിച്ചു വരുകയാണെന്ന്. പാക്കിസ്ഥാനെ പോലെ ശക്തമായി തിരിച്ചു വന്ന് തങ്ങളുടെ കരുത്ത് തെളിയിക്കുകയാണെന്ന്. പവര്‍ പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 79 റണ്‍സാണ് ശ്രീലങ്ക നേടിയത്. 2015 ഏപ്രിലിന് ശേഷം ആദ്യ ബാറ്റ് ചെയ്യവേയുള്ള പവര്‍ പ്ലേയിലെ ഏറ്റവും മികച്ച സ്കോറായിരുന്നു ഇത്. പക്ഷെ ദിമുത്തിനെ പുറത്താക്കി കൊണ്ട് നബി അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്കി. നബിയുടെ തലയ്ക്ക് മുകളിലൂടെ അടിച്ചു പറത്താന്‍ ശ്രമിച്ച ദിമുത്ത് ലോങ് ഓണിലെ ഫീല്‍ഡറുടെ കൈകളില്‍ ചെന്ന് വീഴുകയായിരുന്നു.
How good was this over from Mohammad Nabi?
The Afghanistan spinner struck thrice to get rid of Lahiru Thirimanne, Kusal Mendis and Angelo Mathews https://t.co/3rjlxV0yfc
— Cricket World Cup (@cricketworldcup) June 4, 2019
അടുത്തത് 22-ാം ഓവറിലായിരുന്നു. അപ്പോഴേക്കും ശ്രീലങ്ക കളം പിടിച്ചിരുന്നു. സ്കോര്‍ 144-1 എന്ന നിലയിലായിരുന്നു. ഏകദിനത്തില്‍ 3000 റണ്‍സ് കടന്ന ലഹിരു തിരിമന്നെയെ പുറത്താക്കി നബി വീണ്ടും അഫ്ഗാന്റെ രക്ഷകനായി. അടുത്തത് കുസാല്‍ മെന്‍ഡിസായിരുന്നു. ആ ഓവറില്‍ തന്നെ. ഓവറിലെ അവസാന പന്തില്‍ എയ്ഞ്ചലോ മാത്യൂസിനേയും നബി മടക്കി അയച്ചു. ആ ഒരൊറ്റ ഓവറില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. തിരിച്ചു വരനാകാത്ത വിധം കൂപ്പുകുത്തി. നബിയ്ക്ക് നാലു വിക്കറ്റ്. തന്റെ കരിയറിലെ ആദ്യ നാല് വിക്കറ്റുകളാണ് നബി ഇന്ന് കാര്‍ഡിഫില്‍ നേടിയത്. ഒപ്പം അഫ്ഗാനിസ്ഥാനായി ലോകകപ്പില്‍ നാല് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരവുമായി മാറി. കഴിഞ്ഞ ലോകകപ്പില്‍ ഷാപൂര്‍ സാദ്രാനാണ് ആദ്യ അഫ്ഗാനായി ഈ നേട്ടം സ്വന്തമാക്കിയത്. സ്കോട്ട്ലന്‍ഡിനെതിരെയായിരുന്നു സാദ്രാന്റെ പ്രകടനം.
21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സമായി നില്‍ക്കെ പൊടുന്നനെ ലങ്ക ശരിക്കും ശ്രീലങ്കയായി മാറുകയായിരുന്നു. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. അഞ്ച് റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റുകളാണ് വീണത്. ആ വീഴ്ച്ചയില്‍ നിന്നും ഒരിക്കലും തിരിച്ചു വരാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. സ്കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലിയിലെത്തി നില്‍ക്കെ മഴയും രസം കൊല്ലിയായി എത്തി. 33-ാം ഓവര്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു മഴ കാര്‍ഡിഫിന് മുകളില്‍ പെയ്തിറങ്ങിയത്.
കഴിഞ്ഞ മത്സരത്തില്‍ നായകന് ദിമുത്ത് കരുണരത്നെയായിരുന്നു ലങ്കയ്ക്കായി ഒറ്റയാള്‍ പോരാട്ടം നയിച്ചത്. ഇന്ന് ആ റോള്‍ ഏറ്റെടുത്തത് കുസാല്‍ പെരേരയായിരുന്നു. നന്നായി തുടങ്ങിയ ശേഷം ദിമുത്ത് പുറത്തായെങ്കിലും തിരിമന്നെയുമൊത്ത് കുസാല്‍ ടീമിനെ മുന്നോട്ട് നയിച്ചു. പക്ഷെ വൈകാതെ തിരിമന്നെയും പുറത്തായി. 25 റണ്‍സാണ് തിരിമന്നെയെടുത്തത്. പിന്നെ അങ്ങോട്ട് കുസാല്‍ ഒറ്റയ്ക്കായിരുന്നു.
കുസാല്‍ മെന്‍ഡിസും തിസര പെരേരയും റണ്‍സ് എടുത്ത് മടങ്ങി. എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും റണ്ണൊന്നും എടുക്കാതേയും മടങ്ങി. അര്‍ധ സെഞ്ചുറി നേടിയ കുസാല്‍ പെരേരയെ റാഷിദ് ഖാനാണ് പുറത്താക്കിയത്. 81 പന്തില്‍ 78 റണ്‍സുമായാണ് കുസാല്‍ പെരേര മടങ്ങിയത്.
Also Read: നായകനെത്തിയില്ല, ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി