ലോകകപ്പിൽ ദക്ഷിണഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മാർട്ടിൻ ഗുപ്റ്റിൽ പുറത്തായത് ദൗർഭാഗ്യകരമായി എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല. പുൾ ഷോട്ട് പായിക്കാനുളള ശ്രമത്തിനിടയിൽ ബാലൻസ് തെറ്റിവീണപ്പോൾ ഗുപ്റ്റിലിന്റെ കാൽ സ്റ്റംപിൽ തട്ടുകയായിരുന്നു. 35 റൺസെടുത്തു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഗുപ്റ്റിൽ പുറത്തായത്.

15-ാമത്തെ ഓവറിൽ ആൻഡിലേ പെഹ്ലുക്‌വായുടെ ബോൾ പുൾ ഷോട്ട് പായിക്കാൻ ശ്രമിക്കുമ്പോഴാണ് ഗുപ്റ്റിലിന് ബാലൻസ് നഷ്ടമായത്. മിഡ് വിക്കറ്റിലേക്ക് ഗുപ്റ്റിൽ ബോൾ അടിച്ചുവിട്ടപ്പോൾ ദക്ഷിണാഫ്രിക്കൻ നായകൻ ഡുപ്ലെസിസ് നിരാശയാൽ തല താഴ്‌ത്തി. പക്ഷേ ഗുപ്റ്റിലിന്റെ കാൽ കൊണ്ട് സ്റ്റംപ് ഇളകിയപ്പോൾ ഡുപ്ലെസിസിന് ആശ്വാസമായി. ഗുപ്റ്റിലിന്റെ പുറത്താകൽ വീഡിയോ ക്രിക്കറ്റ് വേൾഡ് കപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഡുപ്ലെസിസിന്റെ ഭാവമാറ്റ കാണാൻ മറക്കരുതേയെന്ന് എഴുതിയിട്ടുണ്ട്.

അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡ് നാല് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. നായകന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറി പ്രകടനമാണ് കിവികള്‍ക്ക് വിജയമൊരുക്കിയത്. അവസാന ഓവറില്‍ സിക്‌സടിച്ചാണ് വില്യംസണ്‍ സെഞ്ചുറി തികച്ചത്. തൊട്ടടുത്ത പന്തില്‍ വില്യംസണ്‍ തന്നെ വിജയ റണ്ണും കണ്ടെത്തി. മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ന്യൂസിലന്‍ഡ് വിജയതീരത്തെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി മോഹങ്ങളും മങ്ങി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മധ്യനിരയുടെ വെടിക്കെട്ട് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ ഒമ്പത് റണ്‍സിന് പുറത്താക്കി തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക അവരെ ഉലച്ചു. എന്നാല്‍ നായകന്‍ വില്യംസണ്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലുമൊത്ത് ടീമിനെ മുന്നോട്ട് നയിച്ചു. 35 റണ്‍സെടുത്ത ഗുപ്റ്റില്‍ ഹിറ്റ് വിക്കറ്റായതോടെ ആ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെ വന്ന റോസ് ടെയ്‌ലറും ടോം ലാഥവും ഒരു റണ്‍ മാത്രമെടുത്ത് പുറത്തായതോടെ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിലായി. രണ്ടു പേരേയും മടക്കിയയച്ചത് ക്രിസ് മോറിസായിരുന്നു.

Read Also: ക്ലാസിക് വില്യംസണ്‍, ക്ലാസ് വിജയം; ലോകകപ്പില്‍ വീണ്ടും ദക്ഷിണാഫ്രിക്കന്‍ ദുരന്തം

പക്ഷെ വില്യംസണ്‍ ജയിക്കാനുറച്ചു തന്നെയായിരുന്നു ഇറങ്ങിയത്. ആദ്യം ജിമ്മി നീഷത്തെ കൂട്ടുപിടിച്ച് വില്യംസണ്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. പക്ഷെ 23 റണ്‍സെടുത്ത നീഷമിനെ പുറത്താക്കി മോറിസ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഒപ്പമെത്തിച്ചു. എന്നാല്‍ ഗ്രാന്റ്‌ഹോം വില്യംസണിനൊപ്പം ചേര്‍ന്നതോടെ കളി വീണ്ടും കിവികള്‍ക്ക് അനുകൂലം. 47 പന്തുകളില്‍ 60 റണ്‍സ് എടുത്ത് ഗ്രാന്റ്‌ഹോം പുറത്തായെങ്കിലും കളി അപ്പോഴേക്കും പൂര്‍ണമായും കിവികളുടെ കൈയ്യിലായിരുന്നു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. സിക്‌സിലൂടെ ന്യൂസിലന്‍ഡിനെ ഒപ്പമെത്തിച്ച വില്യംസണ്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ വിജയ റണ്ണും നായകന്‍ നേടി. 138 പന്തില്‍ 108 റണ്‍സാണ് വില്യംസണ്‍ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook