ലോര്‍ഡ്‌സ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയുടെ ലോകകപ്പിലെ പ്രകടനവും വിരമിക്കല്‍ അഭ്യൂഹവുമൊക്കെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ധോണിയുടെ വിരമക്കലിനെ കുറിച്ചുള്ള തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ പേസ് താരം ലസിത് മലിംഗ.

ധോണിയുടെ മെല്ലേപ്പോക്ക് ഇന്നിങ്‌സുകള്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് എതിരെയാണ് മലിംഗയുടെ നിലപാട്. ധോണി ഒന്നോ രണ്ടോ മത്സരങ്ങള്‍ ഇനിയും കളിക്കണമെന്നാണ് മലിംഗ പറയുന്നത്. തന്റെ അനുഭവ സമ്പത്ത് യുവതാരങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ ധോണിക്ക് സാധിക്കുമെന്നും മലിംഗ പറയുന്നു.

”എനിക്ക് തോന്നുന്നത് ധോണി ഒന്നോ രണ്ടോ വര്‍ഷം ഇനിയും കളിക്കണം എന്നാണ്. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അദ്ദേഹത്തിന്റെ അനുഭവവും സാഹചര്യം മനസിലാക്കാനുള്ള കഴിവും യുവതാരങ്ങളിലേക്ക് പകരണം. മുന്‍ നായകനെന്ന നിലയില്‍ ധധോണി കൂടെയുള്ളതാണ് അവരിത്ര മികച്ച ടീമാകുന്നത്. ഈ ലോകകപ്പില്‍ ആരേയും തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കാകും” മലിംഗ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 12 റണ്‍സിന്റെ റണ്‍ റേറ്റ് വേണ്ടയിടത്ത് ധോണിയും കേദാര്‍ ജാദവും സിംഗിള്‍ ഇട്ട് കളിച്ചതിനെതിരെ ആരാധകര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ധോണി കുറേക്കൂടി നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നായക മികവിനെ കുറിച്ചുള്ള ചോദ്യത്തിന് മലിംഗ നല്‍കിയ മറുപടി ഇതായിരുന്നു,

”ഇന്ത്യയ്ക്ക് നല്ല കളിക്കാരുണ്ട്. ഐപിഎല്ലില്‍ അവര്‍ തങ്ങളുടെ ക്യാരക്ടര്‍ കാണിച്ചതാണ്. ഓരോ താരത്തിനും ടീമിലെ തന്റെ സ്ഥാനത്തെ കുറിച്ച് ബോധ്യമുണ്ട്. അതുകൊണ്ട് വിരാടിന് അധികം ആശങ്കപ്പെടേണ്ടതില്ല”.

തന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചതിന് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു മലിംഗയുടെ മറുപടി. നാളെയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook