ലോര്‍ഡ്‌സ്: ഇന്ത്യയ്‌ക്കെതിരെയുള്ള സെമിയില്‍ ന്യൂസിലന്‍ഡിനെ വിജയ വഴിയിലേക്ക് തിരികെ വന്നത് നിര്‍ണായക നിമിഷത്തില്‍ നായകന്‍ വില്യംസണ്‍ എടുത്ത ക്യാച്ചായിരുന്നു. ആ ക്യാച്ചിലാണ് രവീന്ദ്ര ജഡേജ പുറത്താകുന്നതും ഇന്ത്യയുടെ വിജയ പ്രതീക്ഷ അവസാനിക്കുന്നതും. സമാനമായൊരു നിമിഷം ഇന്നും ന്യൂസിലന്‍ഡിന് മുന്നില്‍ അവതരിച്ചു.

ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗനെ പുറത്താക്കാന്‍ ലോക്കി ഫെര്‍ഗൂസന്‍ എടുത്ത തകര്‍പ്പന്‍ ക്യാച്ച് അതിന്റെ അവിശ്വസനീയത കൊണ്ടും പ്രാധാന്യം കൊണ്ടും ഒരുപോലെ ശ്രദ്ധേയമാവുകയാണ്. നന്നായി തുടങ്ങിയ ഇംഗ്ലണ്ടിനെ ന്യൂസിലന്‍ഡ് ശക്തമായ തിരിച്ചു വരവിലൂടെ തിരിച്ചു പിടിക്കുകയായിരുന്നു.

സ്‌കോര്‍ 86-3 എന്ന നിലയില്‍ നില്‍ക്കെ നീഷമിന്റെ പന്തിലാണ് മോര്‍ഗന്‍ പുറത്താകുന്നത്. മുന്നോട്ട് ഓടിയെത്തിയ ഫെര്‍ഗൂസന്‍ മുന്നോട്ട് ചാടി പന്ത് പിടിയിലൊതുക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തീരുമാനം പറയാന്‍ കഴിയാതെ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് വിട്ടാണ് ഔട്ട് വിധിച്ചത്. ഒമ്പത് റണ്‍സെടുത്താണ് മോര്‍ഗന്‍ പുറത്താകുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്‌കോറിലെത്തിയത്. ഇംഗ്ലീഷ് ബോളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി ഹെന്റി നിക്കോള്‍സിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook