ലീഡ്സ്: ലോക ഒന്നാം നമ്പര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ശ്രീലങ്ക. പേസര്‍ ലസിത് മലിംഗയുടെ നാല് വിക്കറ്റ് പ്രകടനമാണ് ലങ്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതോടെ ലസിത് മലിംഗ അമ്പതാം ലോകകപ്പ് വിക്കറ്റ് എന്ന നേട്ടവും സ്വന്തമായി. ഇംഗ്ലണ്ടിന്റെ നാലു മുന്‍നിര ബാറ്റ്സ്മാന്മാരെ വീഴ്ത്തി കൊണ്ടാണ് മലിംഗയുടെ ഈ നേട്ടം. മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്തെത്താനും മലിംഗക്കായി. 49 വിക്കറ്റുകള്‍ സ്വന്തമായുണ്ടായിരുന്ന ശ്രീലങ്കയുടെ തന്നെ ചാമിന്ദ വാസിനെയാണ് മലിംഗ മറികടന്നത്.
ഇനി മലിംഗയ്ക്ക് മുന്നിലുള്ളത് 55 വിക്കറ്റുകള്‍ വീഴ്ത്തിയ പാക്കിസ്ഥാന്റെ വസിം അക്രവും 68 വിക്കറ്റുകള്‍ വീഴ്ത്തിയ ലങ്കയുടെ തന്നെ മുത്തയ്യ മുരളീധരനും 71 വിക്കറ്റുകള്‍ സ്വന്തമായുള്ള ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തുമാണ്. 36 മത്സരങ്ങളില്‍ നിന്നാണ് അക്രം 55 വിക്കറ്റുകള്‍ വീഴ്ത്തിയത്. അതിനാല്‍ ഈ ഫോം തുടര്‍ന്നാല്‍ മലിംഗയ്ക്ക് അക്രമിന്റെ റെക്കോര്‍ഡ് മറി കടക്കാനാകും. 25 ഇന്നിംഗ്സുകളില്‍ നിന്നാണ് മലിംഗയുടെ നേട്ടം.
20 റണ്‍സിനാണ് ശ്രീലങ്കയുടെ വിജയം. ലസിത് മലിംഗയുടെ നേതൃത്വത്തില്‍ നടന്ന തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. 232 റണ്‍സെന്ന താരതമ്യേന ചെറിയ സ്കോര്‍, അതും വെടിക്കെട്ടിന് പേരുകേട്ട ഇംഗ്ലണ്ടിനെതിരെ പ്രതിരോധിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. നാല് വിക്കറ്റെടുത്ത മലിംഗയാണ് ലങ്കയുടെ താരം.
Slinga Malinga – World Cup hero.#CWC19 | #ENGvSL pic.twitter.com/vTNHuSLO3s
— Cricket World Cup (@cricketworldcup) June 21, 2019
ശ്രീലങ്കയുടേതിന് സമാനായിരുന്നു ഇംഗ്ലണ്ടിന്റേയും തുടക്കം. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ജോണി ബെയര്‍സ്റ്റോ പുറത്തായി. ലസിത് മലിംഗയായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. സ്കോര്‍ 26 ലെത്തി നില്‍ക്കെ ജെയിംസ് വിന്‍സിനെ പുറത്താക്കി വീണ്ടും മലിംഗ ഇംഗ്ലണ്ടിനെ ഉലച്ചു. പിന്നീട് നായകന് ഇയാന്‍ മോര്‍ഗനും ജോ റൂട്ടും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ തിരികെ കൊണ്ടു വന്നു.
എന്നാല്‍ സ്വന്തം പന്തില്‍ മനോഹരമായൊരു ക്യാച്ചിലൂടെ ഉദാന മോര്‍ഗനെ മടക്കി അയച്ചു. 21 റണ്‍സാണ് മോര്ഗന് എടുത്തത്. പിന്നാലെ വന്ന ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ വിജയതീരത്തേക്ക് നയിക്കാനുള്ള ശ്രമം തുടര്‍ന്നു. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ റൂട്ടിനേയും പുറത്താക്കി മലിംഗ വീണ്ടും കളി ലങ്കയ്ക്ക് അനുകൂലമാക്കി മാറ്റി. 89 പന്തില്‍ 57 റണ്‍സുമായാണ് റൂട്ട് മടങ്ങിയത്.
വെടിക്കെട്ട് വീരന് ജോസ് ബട്ട്ലറെ 10 റണ്‍സെടുത്തു നില്‍ക്കെ മലിംഗ മടക്കി അയച്ചു. പിന്നീട് വന്ന മോയിന്‍ അലി 16 റണ്‍സുമായും ക്രിസ് വോക്സ് രണ്ട് റണ്‍സും ആദില്‍ റഷീദ് ഒരു റണ്‍സുമായും മടങ്ങി. മൂന്ന് പേരേയും പുറത്താക്കിയത് ധനഞ്ജയ ഡിസില്‍വയായിരുന്നു. അവസാന ബാറ്റ്സ്മാനെ കൂട്ടുപിടിച്ച് ബെന്‍ സ്റ്റോക്സ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ലങ്കന്‍ വിജയം വൈകിപ്പിച്ചത്. സ്റ്റോക്സ് 89 പന്തില്‍ ഏഴ് ഫോറും നാല് സിക്സുമടക്കം 82 റണ്‍സുമായി പുറത്താകാതെ നിന്നു. ലോകകപ്പില്‍ നാലാം തവണയാണ് ഇംഗ്ലണ്ട് ശ്രീലങ്കയോട് പരാജയപ്പെടുന്നത്.
നേരത്തെ, തുടക്കത്തിലെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും പൊരുതിക്കയറുകയായിരുന്നു ശ്രീലങ്ക. മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് ലങ്കയ്ക്ക് പൊരുതാവുന്ന തരത്തിലുള്ള സ്കോര്‍ സമ്മാനിച്ചത്. എയ്ഞ്ചലോ മാത്യൂസ് അര്‍ധ സെഞ്ചുറി നേടി.
നായകന് ദിമുത്ത് കരുണരത്നയും കുസാല്‍ പെരേരയും മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പുറത്തായത്. വലിയൊരു തകര്‍ച്ചയായിരുന്നു അപ്പോള്‍ ശ്രീലങ്ക മുന്നില്‍ കണ്ടത്. എന്നാല്‍ അവിഷ്ക ഫെര്‍ണാണ്ടോയും കുസാല്‍ മെന്‍ഡിസും ചേര്‍ന്ന് ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയതോടെ സ്കോര്‍ പതിയെ ഉയര്‍ന്നു. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സകലെ ഫെര്‍ണാണ്ടോയെ മാര്‍ക്ക് വുഡ് പുറത്താക്കി.
ഫെര്‍ണാണ്ടോ പോയതോടെ വന്ന എയ്ഞ്ചലോ മാത്യൂസും മെന്‍ഡിസും മികച്ചൊരു കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ 68 പന്തില്‍ 46 റണ്‍സുമായി മെന്‍ഡിസ് പുറത്തായി. പിന്നാലെ വന്ന ജീവന് മെന്‍ഡിസ് റണ്ണൊന്നും എടുക്കാതെ മടങ്ങി. പക്ഷെ ധനഞ്ജയ ഡിസില്‍വ മാത്യൂസിന് ശക്തമായ പിന്തുണ നല്കി. 29 റണ്‍സാണ് ഡിസില്‍വ നേടിയത്. പിന്നീട് വന്നവരെല്ലാം അതിവേഗം മടങ്ങിയെങ്കിലും മാത്യൂസ് ഒരു വശത്ത് ഒറ്റയ്ക്ക് നയിക്കുകയായിരുന്നു. 115 പന്തുകളില്‍ നിന്നും അഞ്ച് ഫോറും ഒരു സിക്സുമടക്കം 85 റണ്‍സാണ് മാത്യൂസ് നേടിയത്.
50 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ്232 റണ്‍സുമായാണ് ലങ്ക ഇന്നിങ്സ് അവസാനിപ്പിച്ചത്. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറുടേയും മാര്‍ക്ക് വുഡിന്റേയും പ്രകടനമാണ് ലങ്കയെ പ്രതിരോധത്തിലാക്കിയത്. ആദില്‍ റഷീദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ് ഒരു വിക്കറ്റ് നേടി.