കാര്‍ഡിഫില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്മാരെല്ലാം വന്നപോലെ മടങ്ങുമ്പോള്‍ ഒരു വശത്ത് നങ്കൂരമിട്ട് നില്‍ക്കുകയായിരുന്നു ദിമുത്ത് കരുണരത്‌നെ എന്ന ലങ്കന്‍ നായകന്‍. വിക്കറ്റ് നഷ്ടപ്പെടുത്താതെ സൂക്ഷ്മതയോടെ ബാറ്റ് ചെയ്ത കരുണരത്‌നെയെ പുറത്താക്കാനുള്ള ന്യൂസിലന്‍ഡ് ബോളര്‍മാരുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഇതിനിടെ ഭാഗ്യവും താരത്തിന് പുതു ജീവന്‍ പകര്‍ന്നു.
കിവിസ് പേസര്‍മാരില്‍ ഏറ്റവും അപകടകാരിയായ ട്രെന്റ് ബോള്‍ട്ടിന്റെ പന്തിലാണ് അപൂര്‍വ്വമായ ആ രംഗം അരങ്ങേറിയത്. ബോള്‍ട്ടിന്റെ പന്ത് സ്റ്റമ്പ് കൊണ്ടിട്ടും ബെയില്‍സ് വീണില്ല. ഇതോടെ താരം രക്ഷപ്പെടുകയായിരുന്നു. ആറാം ഓവറിന്റെ നാലാം പന്തിലായിരുന്നു സംഭവം. ബോള്‍ട്ടിന്റെ അതിവേഗ പന്ത് സ്റ്റമ്പ് കൊണ്ടെന്നു മാത്രമല്ല സ്റ്റമ്പ് ഇളകുകയും ചെയ്തിരുന്നു. എന്നാല്‍ ബെയില്‍ വീഴാതെ നിന്നതോടെ താരം പുറത്തായില്ല. വീണുകിട്ടിയ ഭാഗ്യം കരുണരത്‌നെ മുതലെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
കിവികളുടെ വിജയ ലക്ഷ്യം 137 റണ്‍സാണ്. 29.2 ഓവറില്‍ 136 റണ്‍സുമായി ശ്രീലങ്ക ഓള്‍ ഔട്ടാവുകയായിരുന്നു.നായകന്‍ ദിമുത്ത് കരുണരത്‌നെ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തു നിന്നത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം കാഴ്ച്ചക്കാരായി മടങ്ങിയ മത്സരം ശ്രീലങ്കയുടെ അവസാനിക്കാത്ത ദുരവസ്ഥ വെളിവാക്കുന്നതായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ കരുണരത്‌നെയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. നാല് ഫോറുകളടക്കം 84 പന്തില്‍ 52 റണ്‍സാണ് കരുണരത്‌നെ നേടിയത്. കരുണരത്‌നെയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ കാഴ്ച്ചക്കാര്‍ മാത്രമായിരുന്നു ഇന്ന്. കരുണരത്‌നെ പുറത്താകാതെ നിന്നു.
ഓപ്പണര്‍ തിരില്‍മാനെയെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കി മാറ്റ് ഹെന്റി ലങ്കയ്ക്ക് വരാനിരിക്കുന്ന തകർച്ചയുടെ സൂചന നല്‍കി. പിന്നീട് കുസാല്‍ പെരേരയും കരുണരത്‌നെയും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ന്നാന്‍ ശ്രമം നടത്തിയെങ്കിലും 29 റണ്‍സുമായി കുസാല്‍ പെരേര പുറത്തായി. ഇത്തവണയും വില്ലനായി അവതരിച്ചത് ഹെന്റിറിയാണ്. തൊട്ടു പിന്നാലെ കുസാല്‍ മെന്‍ഡിസിനെയും ഹെന്റി മടക്കി അയച്ചു. മെന്‍ഡിസിന് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചിരുന്നില്ല.
പിന്നാലെ വന്നവരൊക്കെ വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങുന്നതാണ് കണ്ടത്. ധനഞ്ജയ ഡിസില്‍വ നാല് റണ്‍സും എയ്ഞ്ചലോ മാത്യൂസ് റണ്ണൊന്നും എടുക്കാതേയും മടങ്ങി. ശ്രീലങ്ക വലിയ ദുരന്തം മുന്നില്‍ കണ്ടു. പക്ഷെ തിസര പെരേരയെ കൂട്ടുപിടിച്ച് കരുണരത്‌നെ വീണ്ടും രക്ഷാദൗത്യം ഏറ്റെടുത്തു. പെരേര രണ്ട് സിക്‌സടക്കം 27 റണ്‍സാണെടുത്തത്. പെരേരയെ സാന്റ്‌നര്‍ പുറത്താക്കിയതോടെ കളി ലങ്ക പൂര്‍ണമായും കൈവിട്ടു. ശേഷം വന്ന ഉദാന പൂജ്യത്തിനും ലക്മന്‍ ഏഴ് റണ്‍സിനും പുറത്തായി. ഒരു റണ്‍സ് മാത്രമെടുത്ത മലിംഗയെ പുറത്താക്കി ഫെര്‍ഗൂസന്‍ അവസാന ആണിയും അടിച്ചു.
പ്രധാന പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനം പ്രതീക്ഷിച്ചെത്തിയവര്‍ക്ക് ഇന്ന് വിരുന്നൊരുക്കിയത് മാറ്റ് ഹെന്റിയും ഫെര്‍ഗൂസനുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബോള്‍ട്ടും നീഷമും ഗ്രാന്റ്‌ഹോമും സാന്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.