ലോകകപ്പിൽ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഫൈനൽ വരെ എത്തിച്ച നായകൻ കെയ്ൻ വില്യംസൺ ഈ ലോകകപ്പിന്റെ താരം. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് എന്തുകൊണ്ടും അർഹൻ താനാണെന്ന് അടിവരയിട്ടുകൊണ്ടാണ് കിവീസ് നായകൻ പുരസ്കാരം സ്വന്തമാക്കുന്നത്. 578 റൺസാണ് വില്യംസൺ ന്യൂസിലൻഡിന് വേണ്ടി അടിച്ചുകൂട്ടിയത്. സെമിയിൽ ഉൾപ്പടെ ആറ് മത്സരങ്ങളിൽ ടീമിന് ജയവും സമ്മാനിച്ചു ഈ നായകൻ.
ലോകകപ്പിലെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം പുറത്തെടുത്ത ടീമുകളിൽ ഒന്നായിരുന്നു ന്യൂസിലൻഡ്. എന്നാൽ കെയ്ൻ വില്യംസൺ ബാറ്റെടുത്തപ്പോഴെല്ലാം വൻ നാണക്കേടിൽ നിന്ന് ന്യൂസിലൻഡിനെ കരകയറ്റി. റൺവേട്ടയിൽ നാലാം സ്ഥാനത്താണ് കെയ്ൻ വില്യംസൺ. എന്നാൽ നിർണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ നെടുംതൂണായി നിൽക്കുകയും ഫൈനൽ വരെ ടീമിനെ എത്തിക്കുകയും ചെയ്ത മികവാണ് താരത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇന്നും ന്യൂസിലന്‍ഡിനെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും വില്യംസണ്‍ കരകയറ്റുകയായിരുന്നു. സ്‌കോര്‍ 29-1 എന്ന നിലയിലെത്തി നില്‍ക്കെയാണ് വില്യംസണ്‍ ക്രീസിലെത്തുന്നത്. അവിടെ നിന്നും ഓപ്പണര്‍ നിക്കോള്‍സിനൊപ്പം ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടിലൂടെ കിവികളെ വില്യംസണ്‍ 100 കടത്തിയാണ് മടങ്ങിയത്. ഇതിനിടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വില്യംസണ്‍ സ്വന്തമാക്കി.
സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.
സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് മുന്നില്‍ വച്ച വിജയലക്ഷ്യം 16 റണ്‍സിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആർച്ചർ ആദ്യ പന്ത് വെെഡ് എറിഞ്ഞു. ഒന്നാം പന്ത് രണ്ട് റണ്‍സ്. അടുത്ത പന്ത് നിഷം സിക്സ് പറത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തിലും രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ സിംഗിള്‍. ആറാം പന്തില്‍ ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. പക്ഷെ ഗുപ്റ്റിലിനെ റണ്‍ ഔട്ട്. സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം.