Latest News

‘ആ ഓവര്‍ ത്രോ നിയമം എനിക്ക് അറിയില്ലായിരുന്നു, അമ്പയര്‍മാരും മനുഷ്യന്മാരല്ലേ’; ആരെയും കുറ്റപ്പെടുത്താതെ കെയ്ന്‍ വില്യംസണ്‍

‘അവരും മനുഷ്യന്മാരാണ്. മറ്റുളളവരെ പോലെ അവര്‍ക്കും പിഴവ് പറ്റാം- കെയ്ൻ വില്യംസണ്‍

തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ എത്തിയെങ്കിലും ഇത്തവണയും ന്യൂസിലൻഡിന് കിരീടം നഷ്ടമായി. സൂപ്പർ ഓവറും സമനിലയിലായ മത്സരത്തിൽ നിയമത്തിന്റെ ആനുകൂല്യവുമായാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. അവിടെയും ഇവിടെയും ചില റണ്‍സുകള്‍ അലക്ഷ്യമായി നല്‍കിയാല്‍ ലോകകപ്പ് തന്നെ നഷ്ടമാകുമെന്നാണ് ഫൈനല്‍ കണ്ടവര്‍ പറയുന്നത്. മത്സരത്തില്‍ കിവികള്‍ തോല്‍ക്കാന്‍ ഉണ്ടായ പ്രധാന കാരണം ഒരു ഓവര്‍ത്രോ ആയിരുന്നു. ഇംഗ്ലണ്ടിന് ആറ് റണ്‍സാണ് ഓവര്‍ത്രോയിലൂടെ ലഭിച്ചത്.

അവസാന ഓവറിലായിരുന്നു വിവാദമായ ഓവര്‍ ത്രോ. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ കടന്നു പോകുന്നത്. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. ഐസിസിയുടെ നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ കഴിയുമായിരുന്നത്.

എന്നാല്‍ തനിക്ക് ഈ നിയമത്തെ കുറിച്ച് അറിവില്ലായിരുന്നെന്ന് ന്യൂസിലൻഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. ‘ആ സമയത്ത് ആ നിയമത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. നമ്മള്‍ എന്തായാലും അംപയര്‍മാരെ വിശ്വസിക്കുന്നവരാണ്. അവര്‍ നീതിപരമായാണ് വിധി പറയുകയെന്നാണ് വിശ്വാസം. എന്നാല്‍ അവരും മനുഷ്യന്മാരാണ്. മറ്റുളളവരെ പോലെ അവര്‍ക്കും പിഴവ് പറ്റാം. അതുകൊണ്ട് തന്നെ ആ പിഴവിനെ അത്രമേല്‍ കുറ്റപ്പെടുത്താന്‍ ഞാനില്ല,’ വില്യംസണ്‍ വ്യക്തമാക്കി.

Read More: ‘ആരും പരാജയപ്പെട്ടട്ടില്ല’; ലോകകപ്പ് തോൽവിയോട് വില്യംസണിന്റെ പ്രതികരണം

സൂപ്പർ ഓവറും സമനിലയിലായ മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ന്യൂസിലൻഡ് ഇന്നിങ്സിൽ 17 ബൗണ്ടറികൾ പിറന്നപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ പായിച്ചത് 26 ബൗണ്ടറികളാണ്. ഐസിസിയുടെ ഈ നിയമത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന് വലിയ വിമർശനമാണ് ഉയർന്നത്. താരങ്ങളും ആരാധകരും ഇതിനെതിരെ രംഗത്തെത്തി.

കലാശപോരാട്ടത്തിൽ സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന് മുന്നില്‍ വച്ച വിജയലക്ഷ്യം 16 റണ്‍സിന്റേതായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ ആറാം പന്തില്‍ ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. പക്ഷെ ഗപ്റ്റിൽ റണ്‍ ഔട്ടായതോടെ സ്കോർ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം.

ഫൈനലിലെ അമ്പയറിങ്ങിനെതിരെ വിമര്‍ശനവുമായി അമ്പയറിങ്ങിലെ ഇതിഹാസമായ സൈമണ്‍ ടോഫല്‍ രംഗത്തെത്തിയിരുന്നു. വിവാദമായ ഓവര്‍ ത്രോയില്‍ ആറ് റണ്‍സ് ഇംഗ്ലണ്ടിന് നല്‍കിയത് വലിയ പിഴവാണെന്നാണ് മുന്‍ അമ്പയറായ ടോഫല്‍ ആരോപിക്കുന്നത്.

ഐസിസിയുടെ നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ കഴിയുമായിരുന്നത് എന്നും അങ്ങനെയെങ്കില്‍ ആറ് റണ്‍സ് നല്‍കാന്‍ എങ്ങനെയാണ് അമ്പയര്‍മാര്‍ തീരുമാനിച്ചതെന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ടോഫലും രംഗത്തെത്തിയത്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Kane williamson reveals he wasnt aware of the overthrow rule

Next Story
‘അവനെ കൊന്നെന്ന് കേട്ട ജോഫ്ര ഉലഞ്ഞു പോയി’; ആര്‍ച്ചര്‍ ലോകകപ്പുയര്‍ത്തിയത് ഉള്ള് നീറിJofra Archer,ജോഫ്ര ആർച്ചർ, Jofra Archer's cousin, ആർച്ചറുടെ കസിന്‍,Jofra Archer's cousin killed, Jofra Archer bereaved, Grieved Jofra Archer, England fast bower Jofra, Jofra Archer tragedy, Jofra Archer Super Over
The moderation of comments is automated and not cleared manually by malayalam.indianexpress.com