ലോര്‍ഡ്‌സ്: ലോകകപ്പ് അവസാനിക്കുമ്പോള്‍ മായാതെ മനസില്‍ നില്‍ക്കുന്ന കാഴ്ചകളിലൊന്നും ലോകകപ്പ് നഷ്ടത്തിലും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന കെയ്ന്‍ വില്യംസണിന്റെ മുഖമായിരിക്കും. തോറ്റെന്നുറപ്പിച്ചിടത്തു നിന്നും തിരികെ വന്ന് ഒപ്പത്തിനൊപ്പമെത്തി, തോല്‍ക്കാതിരുന്നിട്ടും കിരീടം നഷ്ടമായവരാണ് ന്യൂസിലന്‍ഡുകാര്‍. നിര്‍ഭാഗ്യമൊന്ന് കൊണ്ട് മാത്രം കിരീടം നഷ്ടമായിട്ടും വില്യംസന്റെ കണ്ണ് നിറഞ്ഞില്ല.
മുഖത്ത് ചെറിയൊരു നിരാശ പടര്‍ന്നെങ്കിലും അതിവേഗം അത് പുഞ്ചിരിയിലേക്ക് വഴിമാറി. എതിരാളികളുടെ വിജയത്തെ ചിരിച്ചു കൊണ്ട് നോക്കി നിന്നാണ് വില്യംസണ്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തത്. ഇതിനിടെയാണ് താരത്തിനടുത്തെത്തി നിങ്ങളാണ് പരമ്പരയിലെ താരമെന്ന വിവരം അറിയിക്കുന്നത്.
നായകനെന്ന പേര് ഏറ്റവും യോജിക്കുന്നത് ഈ ലോകകപ്പില്‍ വില്യംസണിനാണ്. ഏറെക്കുറെ ഒറ്റയ്ക്കു തന്നെയാണ് വില്യംസണ്‍ ന്യൂസിലന്‍ഡിനെ ഫൈനല്‍ വരെ എത്തിച്ചത്. എത്ര സമ്മദ്ദ നിമിഷത്തിലും ആ മുഖത്ത് ശാന്തതയായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
ടൂര്‍ണമെന്റിലെ താരം താനാണെന്ന് അറിഞ്ഞപ്പോഴുള്ള വില്യംസന്റെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടൂര്‍ണമെന്റിലെ താരം താനാണെന്ന് അവതാരക വില്യംസന്റെ അടുത്തെത്തി പറയുമ്പോള്‍ ആശ്ചര്യത്തോടെ ഞാനോ എന്ന് കണ്ണ് മിഴിക്കുന്ന വില്യംസന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
Kane Williamson’s reaction to be being told he’s player of the tournament is the best. pic.twitter.com/um04e6a00w
— Oli Bell (@olibellracing) July 15, 2019
വില്യംസണിനോട് അവതാരക പറഞ്ഞത് എന്തെന്ന് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് താങ്കളാണെന്ന് അറിയിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.