മാഞ്ചസ്റ്റർ: ഇന്ത്യയെ തകര്‍ത്ത് ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ച ന്യൂസിലന്‍ഡ് ടീം ആവേശത്തിന്റെ കൊടുമുടിയിലാണ്. എന്നാല്‍ ഇത്ര വലിയ വിജയത്തിലും തന്റെ ശാന്തത കൈവിടാന്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനെ കിട്ടില്ല. കളിക്കളത്തിന് അകത്തും പുറത്തും ജെന്റില്‍മാനായ വില്യംസണിന്റെ കൂള്‍ ആറ്റിറ്റ്യൂഡ് ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്.
ഇന്നലെ മത്സര ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയെ താനായിരുന്നു നായകനെങ്കില്‍ ടീമിലെടുക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വില്യംസണ്‍. രസകരമായിരുന്നു വില്യംസണിന്റെ മറുപടി.
”അദ്ദേഹം ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ യോഗ്യനല്ലല്ലോ. പക്ഷെ അദ്ദേഹമൊരു ലോകോത്തര താരമാണ്. ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ തീര്‍ച്ചയായും ടീമിലെടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്, പ്രത്യേകിച്ച് ഇതുപോലുള്ള സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്” കിവീസ് നായകന്‍ പറഞ്ഞു.
”അദ്ദേഹത്തിന്റെ ഇന്നത്തേയും ഇന്നലത്തേയും ടൂര്‍ണമെന്റിലുടനീളവുമുള്ള സംഭാവനകളും വളരെ പ്രധാനപ്പെട്ടതാണ്. ജഡേജയുമൊത്തുള്ള കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹം രാജ്യം മാറാന്‍ ആലോചിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ സെലക്ഷനെ കുറിച്ച് ആലോചിക്കാം” എന്നായിരുന്നു വില്യംസണിന്റെ മറുപടി.
അതേസമയം, ധോണിയുടെ പുറത്താകല്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വിവാദമായി മാറിയിരിക്കുകയാണ്. റിങ്ങിന് പുറത്ത് ആറ് ഫീല്‍ഡര്‍മാരുണ്ടായിരുന്നുവെന്നും അതിനാല്‍ ധോണി പുറത്തായ പന്ത് നോ ബോള്‍ വിളിക്കേണ്ടിയിരുന്ന പന്താണെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. നിയമപ്രകാരം തേര്‍ഡ് പവര്‍പ്ലേയില്‍ പരമാവധി അഞ്ച് ഫീല്‍ഡര്‍മാര്‍ക്കാണ് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നില്‍ക്കാനാവുക. ഈ പിഴവ് അമ്പയര്‍മാര്‍ കാണാതെ പോവുകയായിരുന്നു.
അമ്പയര്‍മാരുടെ അശ്രദ്ധയ്‌ക്കെതിരെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറിയേനെ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. അടുത്ത പന്ത് ഫ്രീ ഹിറ്റാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ധോണി രണ്ടാമത്തെ റണ്ണിനായി ഓടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.