ലോര്‍ഡ്സ്: നായകനെന്നാല്‍ മുന്നില്‍ നിന്ന് നയിക്കുന്നവനായിരിക്കണം. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്. ന്യൂസിലന്‍ഡിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ വില്യംസന്റെ നായക മികവിനോടാണ് അവര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. ബാറ്റിങ്ങില്‍ ശരാശരിയായ ഒരു ടീമിനെയാണ് വില്യംസണ് കപ്പിനരികിലെത്തിച്ചിരിക്കുന്നത്.
ഇന്നും ന്യൂസിലന്‍ഡിനെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും വില്യംസണ് കരകയറ്റുകയായിരുന്നു. സ്കോര്‍ 29-1 എന്ന നിലയിലെത്തി നില്‍ക്കെയാണ് വില്യംസണ് ക്രീസിലെത്തുന്നത്. അവിടെ നിന്നും ഓപ്പണര്‍ നിക്കോള്‍സിനൊപ്പം ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടിലൂടെ കിവികളെ വില്യംസണ് 100 കടത്തിയാണ് മടങ്ങിയത്. ഇതിനിടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് വില്യംസണ് സ്വന്തമാക്കി.
ശ്രീലങ്കയുടെ ഇതിഹാസ താരം മഹേല ജയവര്‍ധനയുടെ റെക്കോര്‍ഡാണ് വില്യംസണ് ഇന്ന് തകര്‍ത്തത്. ക്രീസിലെത്തും മുമ്പു തന്നെ വില്യംസണ് ജയവര്‍ധനയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. 2007 ലോകകപ്പില്‍ ജയവര്‍ധന നേടിയ 548 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. 53 പന്തുകള്‍ നേരിട്ട് 30 റണ്‍സ് നേടിയ വില്യംസണ് ആ റെക്കോര്‍ഡ് 578 ആക്കി ഉയര്‍ത്തി. 11 മത്സരങ്ങള്‍ കളിച്ചാണ് ജയവര്‍ധന അന്ന് ഇത്രയും റണ്‍സ് നേടിയതെങ്കില്‍ വില്യംസണിന് ഒമ്പത് ഇന്നിങ്സുകള്‍ മാത്രമാണ് വേണ്ടി വന്നത്.
മൂന്നും നാലും സ്ഥാനത്ത് ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ്ങും നിലവിലെ നായകന് ആരോണ്‍ ഫിഞ്ചുമാണ്. അഞ്ചാമത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്യേഴ്സുമാണ്.