ചെസ്റ്റര്‍ ലേ സ്ട്രീറ്റ്: കഴിഞ്ഞ ആഴ്ച വരെ മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേട്ടിരുന്ന ജോണി ബെയര്‍സ്‌റ്റോ ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരേയും ന്യൂസിലന്‍ഡിനെതിരേയും സെഞ്ചുറി നേടിയാണ് താരം തന്റെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ തുടരെ തുടരെ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി മാറിയിരിക്കുകയാണ് ബെയര്‍‌സ്റ്റോ. ന്യൂസിലന്‍ഡിനെതിരെ 106 റണ്‍സാണ് ബെയര്‍സ്‌റ്റോ നേടിയത്.ന്യൂസിലന്‍ഡിനെതിര ബെയര്‍സ്‌റ്റോയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയുമാണിത്. ബെയര്‍സ്‌റ്റോയുടെ 13-ാം ഏകദിന സെഞ്ചുറിയാണിന്ന് കിവികള്‍ക്കെതിരെ പിറന്നത്. ഇന്ത്യയ്‌ക്കെതിരെ 111 റണ്‍സാണ് താരം നേടിയത്.

ഇന്നത്തെ പ്രകടനത്തോടെ ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ബെയര്‍സ്‌റ്റോ മറി കടന്നു. കോഹ്ലിയ്ക്ക് 408 റണ്‍സാണുള്ളത്. പട്ടികയില്‍ ആദ്യ 7 പേരിലെത്തി ഇതോടെ ബെയര്‍സ്‌റ്റോ.

ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 306 റണ്‍സാണ് വിജയ ലക്ഷ്യം. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം, മധ്യനിരയേയും വാലറ്റത്തേയും കൃത്യമായ ഇടവേളകളില്‍ പുറത്താക്കിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തുന്നതില്‍ നിന്നും തടയുകയായിരുന്നു.

ഒരിക്കല്‍ കൂടി ജോണി ബെയര്‍സ്‌റ്റോയും ജെയ്‌സണ്‍ റോയിയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിന് നല്‍കിയത് മികച്ച തുടക്കമാണ്. ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. റോയി 60 റണ്‍സും ബെയര്‍സ്‌റ്റോ 106 റണ്‍സും നേടി. ബെയര്‍സ്‌റ്റോയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

പിന്നാലെ വന്നവരില്‍ നായകന്‍ ഇയാന്‍ മോര്‍ഗന് മാത്രമേ കാര്യമായ സംഭവാന നല്‍കാന്‍ സാധിച്ചുള്ളൂ. മോര്‍ഗന്‍ 39 പന്തില്‍ 42 റണ്‍സ് നേടി. ജോ റൂട്ട് 24 റണ്‍സും ബട്‌ലര്‍ 11 റണ്‍സും ബെന്‍ സ്‌റ്റോക്‌സ് 11 റണ്‍സും നേടി പുറത്തായി. ആദില്‍ റഷീദ് 16 ഉം ലിയാം പ്ലങ്കറ്റ് 14 റണ്‍സും കൂട്ടിച്ചേര്‍ത്തു.

രണ്ട് വിക്കറ്റ് വീതം നേടിയ ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും ജിമ്മി നീഷവുമാണ് ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ തിളങ്ങിയത്. സാന്റ്‌നറും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook