മഴ മാറിനിന്നപ്പോൾ വിൻഡീസ് ഇങ്ങനൊരു ദുരന്തം പ്രതീക്ഷിച്ചില്ല. ടോസ് മുതൽ പിഴച്ച വിൻഡീസ് കണക്ക് കൂട്ടലുകൾ ബാറ്റിങ്ങിലും ആവർത്തിച്ചപ്പോൾ 212 എന്ന ചെറിയ സ്കോറിൽ വമ്പന്മാർ വീണു. ഇംഗ്ലണ്ടിന്റെ പേസ് നിരയാണ് വിൻഡീസിന്റെ പ്രതീക്ഷകളെ എറിഞ്ഞിട്ടത്. പേസ് ആക്രമണത്തെ മുന്നിൽ നിന്ന് നയിച്ചതാകട്ടെ കരീബിയൻ വംശജനായ ഇംഗ്ലീഷ് ബോളർ ജോഫ്രാ ആർച്ചറും.

ടീം സ്കോർ നാലിൽ നിൽക്കെ എവിൻ ലെവിസിന്റെ കുറ്റിതെറിപ്പിച്ച് ക്രിസ് വോക്സ് വരാനിരിക്കുന്ന വിപത്തിന്റെ മുന്നറിയിപ്പ് നൽകി. ആർച്ചറും വുഡും റൺ നിയന്ത്രിച്ചപ്പോൾ അടുത്ത ഊഴം പ്ലങ്കറ്റിന്റേതായിരുന്നു. ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന ക്രിസ് ഗെയ്‌ലിനെ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ച് പ്ലങ്കറ്റ് രണ്ടാം പ്രഹരം സമ്മാനിച്ചു. ഷായ് ഹോപ്പിനെ പുറത്താക്കി വുഡ് വീണ്ടും ഇംഗ്ലീഷ് പേസിന്റെ ചൂട് കരീബിയൻ പടയെ ബോധിപ്പിച്ചു.

എന്നാൽ റൺറേറ്റ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഷിമ്രോൺ ഹെറ്റ്മയറും നിക്കോളാസ് പൂറാനും ഒത്തുചേർന്നതോടെ വിൻഡീസ് മത്സരത്തിൽ ജീവൻ നിലനിർത്തി. അവിടെ മൊയിൻ അലിക്ക് പകരം പന്തെടുത്ത ജോ റൂട്ട് പാർട് ടൈം ബോളറിന്റെ ഉത്തരവാദിത്വം ഭംഗിയാക്കി. നാലാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കുക മാത്രമല്ല വിൻഡീസ് നായകൻ ഹോൾഡറെയും പുറത്താക്കി ഒരു ബോണസ് പോയിന്റും നൽകി.

പിന്നെ കണ്ടത് ക്രിസ് വോക്സിന്റെ ആക്ഷനും, ജോഫ്രാ ആർച്ചറിന്റെ ബൗൺസും, മാർക്ക് വുഡിന്റെ പേസും വിൻഡീസ് ബാറ്റിങ് നിരയെ ചാരമാക്കുന്ന കാഴ്ചയായിരുന്നു. 144ന് മൂന്നിൽ നിന്നും 156ന് അഞ്ചിലേക്കുള്ള വീഴ്ച വിൻഡീസിന്റെ തകർച്ചയുടെ തുടക്കം മാത്രമായിരുന്നു.

ആന്ദ്രെ റസൽ പതിവ് രീതിയിൽ ആക്രമിച്ച് കളിച്ചെങ്കിലും ഇന്നിങ്സ് അതിവേഗം അവസാനിച്ചു. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെ 16 പന്തിൽ 22 റൺസെടുത്ത റസലിനെ മാർക്ക് വുഡ് ക്രിസ് വോക്സിന്റെ കൈകളിൽ എത്തിച്ചു. ജോഫ്രാ ആർച്ചറിന്റേതായിരുന്നു അടുത്ത അവസരം. 40-ാം ഓവറിന്റെ നാലാം പന്തിൽ അർധസെഞ്ചുറി തികച്ച് വിൻഡീസ് സ്കോർബോർഡിലേക്ക് 63 റൺസ് നൽകി ക്രീസിൽ നിലയുറപ്പിച്ചിരുന്ന നിക്കോളാസ് പൂറാനെ പുറത്താക്കിയ ആർച്ചർ അടുത്ത പന്തിൽ ഷെൾഡൻ കോട്രലിനെയും പുറത്താക്കി ഹാട്രിക് ചാൻസ് സൃഷ്ടിച്ചു. എന്നാൽ അടുത്ത പന്തിൽ വിക്കറ്റ് നേടാൻ താരത്തിന് സാധിച്ചില്ല.

ആ വിക്കറ്റ് വീണത് ആർച്ചറുടെ അടുത്ത ഓവറിലായിരുന്നു. കാർലോസ് ബ്രാത്ത്‌വൈറ്റിനെ ആർച്ചർ ബാട്ലറുടെ ഗ്ലൗസിട്ട കൈകളിൽ എത്തിച്ചു. ഷാനോൺ ഗബ്രിയേലിനെ 45-ാം ഓവറിൽ വീഴ്ത്തി മാർക്ക് വുഡ് വിക്കറ്റ് വേട്ടക്കും വിൻഡീസ് ഇന്നിങ്സിനും അവസാനം കുറിച്ചു.

അഞ്ച് ഓവർ എറിഞ്ഞ ക്രിസ് വോക്സ് രണ്ട് മെയ്ഡിൻ ഓവർ ഉൾപ്പടെ ഒരു വിക്കറ്റും സ്വന്തമാക്കി. 3.20 ഇക്കോണമിയിൽ ആകെ 16 റൺസാണ് ക്രിസ് വോക്സ് വഴങ്ങിയത്. ജോഫ്രാ ആർച്ചർ 9 ഓവറിൽ ഒരു മെയ്ഡിൻ ഓവറെറിഞ്ഞ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും 30 റൺസ് മാത്രം വിട്ടുകൊടുത്താണ്. മാർക് വുഡ് എറിഞ്ഞ 6.4 ഓവറുകളിൽ വിൻഡിസ് താരങ്ങൾക്ക് സ്വന്തമാക്കാൻ സാധിച്ചത് 18 റൺസ് മാത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook