ലീഡ്സ്: ലോകകപ്പില്‍ അമ്പരപ്പിക്കുന്ന ക്യാച്ചുകളിലൂടെ ഞെട്ടിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങള്‍. ബെന്‍ സ്റ്റോക്‌സ് തുടങ്ങി വച്ചത് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ജോ റൂട്ടിലാണ്.

ലങ്കന്‍ ഇന്നിങ്സിലെ 44-ാം ഓവറില്‍ ആര്‍ച്ചറുടെ പന്തില്‍ ധനഞ്ജയ ഡിസില്‍വയെ ആണ് റൂട്ട് പറന്നുപിടിച്ചത്. ഉയര്‍ന്നുചാടി ഡൈവിംഗിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി റൂട്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയായിരുന്നു. ആ ക്യാച്ചില്‍ പുറത്താകുമ്പോള്‍ 47 പന്തില്‍ 29 റണ്‍സായിരുന്നു ധനഞ്ജയ എടുത്തിരുന്നത്.

തുടക്കത്തിലെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും പൊരുതിക്കയറി ശ്രീലങ്ക. ഇംഗ്ലണ്ടിന് 233 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് ലങ്കയ്ക്ക് പൊരുതാവുന്ന തരത്തിലുള്ള സ്‌കോര്‍ സമ്മാനിച്ചത്. എയ്ഞ്ചലോ മാത്യൂസ് അര്‍ധ സെഞ്ചുറി നേടി.

വീഡിയോ കാണാനായി ക്ലിക്ക് ചെയ്യുക

നായകന്‍ ദിമുത്ത് കരുണരത്‌നയും കുസാല്‍ പെരേരയും മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പുറത്തായത്. വലിയൊരു തകര്‍ച്ചയായിരുന്നു അപ്പോള്‍ ശ്രീലങ്ക മുന്നില്‍ കണ്ടത്. എന്നാല്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും കുസാല്‍ മെന്‍ഡിസും ചേര്‍ന്ന് ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയതോടെ സ്‌കോര്‍ പതിയെ ഉയര്‍ന്നു. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സകലെ ഫെര്‍ണാണ്ടോയെ മാര്‍ക്ക് വുഡ് പുറത്താക്കി.

ഫെര്‍ണാണ്ടോ പോയതോടെ വന്ന എയ്ഞ്ചലോ മാത്യൂസും മെന്‍ഡിസും മികച്ചൊരു കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ 68 പന്തില്‍ 46 റണ്‍സുമായി മെന്‍ഡിസ് പുറത്തായി. പിന്നാലെ വന്ന ജീവന്‍ മെന്‍ഡിസ് റണ്ണൊന്നും എടുക്കാതെ മടങ്ങി. പക്ഷെ ധനഞ്ജയ ഡിസില്‍വ മാത്യൂസിന് ശക്തമായ പിന്തുണ നല്‍കി. 29 റണ്‍സാണ് ഡിസില്‍വ നേടിയത്. പിന്നീട് വന്നവരെല്ലാം അതിവേഗം മടങ്ങിയെങ്കിലും മാത്യൂസ് ഒരു വശത്ത് ഒറ്റയ്ക്ക് നയിക്കുകയായിരുന്നു. 115 പന്തുകളില്‍ നിന്നും അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 85 റണ്‍സാണ് മാത്യൂസ് നേടിയത്.

50 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ്232 റണ്‍സുമായാണ് ലങ്ക ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറുടയും മാർക്ക് വുഡിന്റേയും പ്രകടനമാണ് ലങ്കയെ പ്രതിരോധത്തിലാക്കിയത്. ആദില്‍ റഷീദ് രണ്ട് വിക്കറ്റ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook